കറാച്ചി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിങ് ജോഡികളെടുത്താല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റേയും വിരേന്ദർ സെവാഗിന്‍റെയും പേര് മുന്നില്‍ തന്നെയുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ലോകത്തെ പേരുകേട്ട ഏതൊരു ബോളിങ് നിരയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വിരേന്ദർ സെവാഗ് സഖ്യത്തെ ഭയപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ ബോളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്ന ബാറ്റര്‍ ആരെന്ന് ചോദിച്ചാല്‍ മിക്കവരും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്‍റെ പേരാവും പറയുക.
കാരണം ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് തോന്നിയ നിരവധി റെക്കോഡുള്‍ തകര്‍ത്തെറിഞ്ഞാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കളം വിട്ടത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ പാകിസ്ഥാന്‍ കൂടുതല്‍ ഭയപ്പെട്ടത് അപകടകാരിയായ വിരേന്ദർ സെവാഗിനെയാണെന്ന് ടീമിലെ മുന്‍ ഓള്‍ റൗണ്ടര്‍ അബ്‌ദുൾ റസാഖ് പറയുന്നത്. ആദ്യ ബോള്‍ തൊട്ട് ബോളര്‍മാരെ കടന്നാക്രമിക്കുന്ന വിരേന്ദർ സെവാഗിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് റസാഖ് സച്ചിന് ഇടം നല്‍കിയത്.
"ഇന്ത്യന്‍ നിരയില്‍ ഏറ്റവും അപകടകാരിയായ കളിക്കാരൻ വിരേന്ദർ സെവാഗാണ്. അതിനുശേഷമാണ് സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സെവാഗിനും സച്ചിനുമെതിരെ ഞങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കാറുണ്ടായിരുന്നു. സെവാഗിന്‍റേയും സച്ചിന്‍റേയും വിക്കറ്റുകള്‍ വേഗം തന്നെ വീഴ്‌ത്താന്‍ കഴിഞ്ഞാല്‍ മത്സരം വിജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് കരുതിയിരുന്നത്.
ഇന്ത്യയുടെ മധ്യനിരയില്‍ യുവരാജ് സിങ്ങും അപകടകാരിയായിരുന്നു. ഇവരെ പുറത്താക്കാന്‍ കഴിഞ്ഞാല്‍, വമ്പന്‍ വിക്കറ്റുകള്‍ നേടിയെന്ന് ഞങ്ങള്‍ പറയും. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പാകിസ്ഥാന്‍ എപ്പോഴും ഇവര്‍ക്കെതിരെ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയാണ് കളിച്ചിരുന്നത്. ഏത് രീതിയില്‍ പന്തെറിയണം. എങ്ങനെ പന്തെറിയണം, ഏത് ഭാഗത്താണ് പന്ത് കുത്തിയ്‌ക്കേണ്ടത്. ഫീൽഡ് ക്രമീകരണം, വ്യത്യസ്‌ത ബോളര്‍മാരില്‍ വിവിധ ഡെലിവറികളും പരീക്ഷിക്കുക എന്നിവയൊക്കെ ഞങ്ങളുടെ പദ്ധതികളില്‍ ഉൾപ്പെട്ടിരുന്നു". അബ്‌ദുള്‍ റസാഖ് പറഞ്ഞു.