ന്യൂഡല്‍ഹി: ക്രിക്കറ്റിന്‍റെ ഈ തലമുറയിലെ രണ്ട് മികച്ച ബാറ്റർമാരാണ് ഇന്ത്യയുടെ വിരാട് കോലിയും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും. കോലി തന്‍റെ കരിയറിന്‍റെ ഉന്നതിയിൽ തുടരുമ്പോഴായിരുന്നു ബാബര്‍ വരവറയിക്കുന്നത്. വര്‍ഷങ്ങളായി ഇരു താരങ്ങളും തങ്ങളുടെ ടീമിനായി അത്ഭുതങ്ങൾ സൃഷ്‌ടിച്ച് മുന്നേറുകയാണ്.
പലപ്പോഴും കോലിയും ബാബറും തമ്മിലുള്ള താരതമ്യവുമായി പലരും രംഗത്ത് എത്താറുണ്ട്. ഈ താരതമ്യപ്പെടുത്തല്‍ ആരാധകര്‍ തമ്മിലാണെങ്കില്‍ ഒന്നിനൊന്ന് വിട്ടുകൊടുക്കാന്‍ തന്നെ ആരും തയ്യാറാവില്ലെന്നതാണ് സത്യം. എന്നാല്‍ ഇത്തരം താരമത്യം ശരിയല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ ഓള്‍ റൗണ്ടര്‍ അബ്‌ദുള്‍ റസാഖ്.
കോലിയും ബാബറും തങ്ങളുടേതായ രീതിയിൽ മികച്ചവരായതിനാൽ ഇരുവരും തമ്മിലുള്ള താരതമ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് റസാഖ് പറയുന്നത്. ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അബ്‌ദുല്‍ റസാഖിന്‍റെ വാക്കുകള്‍.
"നമുക്ക് അവരെ താരതമ്യം ചെയ്യേണ്ടതില്ല. ഇത് കപിൽ ദേവോ ഇമ്രാൻ ഖാനോ?, ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദിക്കുന്നത് പോലെയാണ്. ഈ താരതമ്യങ്ങൾ ഒരിക്കലും നല്ലതല്ല.
കോലി ഇന്ത്യയിലെ ഒരു മികച്ച കളിക്കാരനാണ്. അതുപോലെ, ബാബർ അസം പാകിസ്ഥാനിലെ മികച്ച കളിക്കാരനാണ്. കോലി ഒരു ലോകോത്തര കളിക്കാരനാണ് ബാബറും അതുപോലെ തന്നെ" അബ്‌ദുല്‍ റസാഖ് പറഞ്ഞു.
എന്നാല്‍ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ബാബറിന് വിരാട് കോലിയുടെ ഏഴയലത്ത് എത്താന്‍ പറ്റില്ലെന്നും അബ്‌ദുല്‍ റസാഖ് കൂട്ടിച്ചേര്‍ത്തു. വിരാട് കോലി 'അസാമാന്യ' കളിക്കാരനാണെന്ന് പറഞ്ഞ റസാഖ് ബാബര്‍ തന്‍റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.