കേരളം

kerala

ETV Bharat / sports

കോലിയോ, ഗെയ്‌ലോ അല്ല; ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് എബി ഡിവില്ലിയേഴ്‌സ്

ടി20 ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരം അഫ്‌ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്.

AB de Villiers on Rashid Khan  AB de Villiers  Rashid Khan  Virat Kohli  Chris Gayle  suryakumar yadav  റാഷിദ് ഖാന്‍ മികച്ച ടി20 താരം ഡിവില്ലിയേഴ്‌സ്  റാഷിദ് ഖാന്‍  എബി ഡിവില്ലിയേഴ്‌സ്  വിരാട് കോലി  ക്രിസ് ഗെയ്‌ല്‍
ടി20 ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരത്തെ തെരഞ്ഞെടുത്ത് എബി ഡിവില്ലിയേഴ്‌സ്

By

Published : Mar 5, 2023, 3:11 PM IST

കേപ്‌ടൗണ്‍:ടി20 ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സിന് സ്ഥാനം തലപ്പത്ത് തന്നെയാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. തികഞ്ഞ സാങ്കേതിക മികവുമായി അനായാസം മൈതാനത്തിന്‍റെ നാലുപാടും പന്തടിച്ച് പറത്തിയ ഡിവില്ലിയേഴ്‌സ് മിസ്റ്റര്‍ 360 ഡിഗ്രിയെന്ന വിളിപ്പേരും സ്വന്തമാക്കിയിരുന്നു. ഒടുവില്‍ 78 ടി20 മത്സരങ്ങളില്‍ നിന്നും 135.2 സ്‌ട്രൈക്ക് റേറ്റില്‍ 1,672 റണ്‍സ് അടിച്ച് കൂട്ടിയാണ് താരം കളംവിട്ടത്.

എന്നാല്‍ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാരെന്ന് തന്നോട് ചോദിച്ചാല്‍ അഫ്‌ഘാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ റാഷിദ്‌ ഖാനാണെന്ന് ഉത്തരം പറയുമെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍, ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡിവില്ലിയേഴ്‌സ് റാഷിദ് ഖാന്‍റെ പേരുപറഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അന്താരാഷ്‌ട്ര ടി20യിലും ഫ്രാഞ്ചൈസി ലീഗുകളിലും റണ്ണടിച്ച് കൂട്ടിയാണ് ഗെയ്‌ല്‍ ബാറ്റ് താഴെ വച്ചത്. സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത താരം ബോളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നുവെന്ന് തീര്‍ച്ച. മറുവശത്ത് ഇന്ത്യയ്‌ക്ക് റണ്‍വേട്ട തുടരുന്ന കോലി അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്.

വിരാട് കോലി

നിലവില്‍ 115 മത്സരങ്ങളില്‍ നിന്നും 4008 റണ്‍സാണ് കോലിയുടെ പട്ടികയിലുള്ളത്. 148 മത്സരങ്ങളില്‍ നിന്നും 3,853 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ പിറകെയുണ്ടെങ്കിലും ഇതേവരെ മറ്റാര്‍ക്കും ഫോര്‍മാറ്റില്‍ 4000 റണ്‍സ് എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും തകര്‍ത്താടിയ 34കാരന്‍ 223 മത്സരങ്ങളില്‍ നിന്നും 6624 റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. ബാംഗ്ലൂരിനായി ഒന്നിച്ച് കളിച്ച താരങ്ങള്‍ കൂടിയാണ് ഡിവില്ലിയേഴ്‌സും കോലിയും. മറുവശത്ത് ഡിവില്ലിയേഴ്‌സിന് ശേഷം 360 ഡിഗ്രിയെന്ന വിളിപ്പേര് നേടിയെടുത്ത താരമാണ് സൂര്യകുമാര്‍ യാദവ്.

നിലവില്‍ ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ കൂടിയാണ് സൂര്യകുമാര്‍ യാദവ്. സൂര്യയുടെ മാസ്‌മരിക പ്രകടനങ്ങളെ അഭിനന്ദിച്ച് എബി ഡിവില്ലിയേഴ്‌സ് പലപ്പോഴും രംഗത്തുമെത്തിയിരുന്നു. എന്നാല്‍ ബോളും ബാറ്റും ഉപയോഗിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള മികവുള്ളതിനാലാണ് താന്‍ റാഷിദ്‌ ഖാനെ എക്കാലത്തെയും മികച്ച ടി20 താരമായി തെരഞ്ഞെടുക്കുന്നതെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

റാഷിദ് ഖാന്‍

"എന്‍റെ എക്കാലത്തെയും മികച്ച ടി20 കളിക്കാരൻ മറ്റാരുമല്ല, റാഷിദ് ഖാനാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മിന്നുന്ന പ്രകടനം നടത്തുന്ന താരമാണവന്‍. രണ്ട് ഡിപ്പാർട്ട്‌മെന്‍റുകളിലും മാച്ച് വിന്നർ.

കളിക്കളത്തില്‍ ധീരവും മികച്ചതുമായ പോരാട്ടമാണ് അവന്‍ നടത്തുന്നത്. എപ്പോഴും ജയിക്കാൻ ആഗ്രഹിക്കുന്ന താരമാണവന്‍. തികഞ്ഞ മത്സര ബുദ്ധിയാണ് റാഷിദ്‌ ഖാനുള്ളത്.

ഏറ്റവും മികച്ച ടി20 താരങ്ങളില്‍ ഒരാളായി അവനുണ്ട്. മികച്ച താരങ്ങളില്‍ ഒരാളല്ല, ഏറ്റവും മികച്ച താരമാണവന്‍", ഡിവില്ലിയേഴ്‌സ്‌ അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര തലത്തിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ് റാഷിദ് ഖാന്‍.

ഐപിഎല്ലില്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന റാഷിദ് കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിലേക്ക് ചേക്കേറിയിരുന്നു. 15 കോടി രൂപയ്‌ക്കാണ് 24കാരനെ ഗുജറാത്ത് സ്വന്തമാക്കിയിരുന്നത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലിറങ്ങിയ ഗുജറാത്ത് തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടിയപ്പോള്‍ റാഷിദ്‌ ഖാനും നിര്‍ണായകമായ പങ്കുവഹിച്ചു.

നിലവില്‍ ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് റാഷിദ്. അന്താരാഷ്‌ട്ര, ഫ്രാഞ്ചൈസി തലത്തില്‍ ഇതേവരെ 381 ടി20 മത്സരങ്ങളില്‍ നിന്നും 511 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബാറ്റുകൊണ്ടും തിളങ്ങുന്ന താരം 222 ഇന്നിങ്‌സുകളില്‍ നിന്നും 1893 റൺസാണ് നേടിയിട്ടുള്ളത്.

ALSO READ:'രാഹുല്‍ ദ്രാവിഡ് വരെ അതൃപ്‌തി പ്രകടിപ്പിച്ചു, ഗില്ലിന്‍റെ സ്ഥാനത്തിന് ഭീഷണി' ; മുന്നറിയിപ്പുമായി ഡാനിഷ് കനേരിയ

ABOUT THE AUTHOR

...view details