ബെംഗളൂരു: ഐപിഎല്‍ 2023ന് മുന്‍പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിനൊപ്പം ചേര്‍ന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ബെംഗളൂരുവില്‍ എത്തിയ വിവരം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരം ആരാധകരുമായി പങ്കുവച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചാണ് ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കൊപ്പം ചേര്‍ന്ന വിവരം ടീം പുറത്തുവിട്ടത്.
'ബെംഗളൂരുവില്‍ തിരിച്ചെത്തിയതില്‍ സന്തോഷം'; റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം ചേര്‍ന്ന് എബി ഡിവില്ലിയേഴ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ഐപിഎല്‍ 2023 മിനി താരലേലത്തിന് മുന്‍പായാണ് എബി ഡിവില്ലിയേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിനൊപ്പം ചേര്‍ന്നത്.
മടങ്ങിവരവില്‍ സൂപ്പര്‍ താരത്തിന്‍റെ പുതിയ റോള്‍ എന്താണെന്ന വിവരം ക്ലബ് പുറത്തുവിട്ടിട്ടില്ല. ഐപിഎല്‍ 2023 സീസണിന്‍റെ ഭാഗമായുള്ള മിനി താരലേലത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നതെന്നും സൂചനകളുണ്ട്. വരുന്ന സീസണില്‍ ടീമിന്‍റെ മെന്‍ററായി പ്രവര്‍ത്തിക്കാനാണ് മുന്‍ താരം എത്തിയതെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
2011ലാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്) നിന്നും എബി ഡിവില്ലിയേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സിലേക്കെത്തിയത്. ഐപിഎല്ലില്‍ 14 സീസണ്‍ കളിച്ച താരം 184 മത്സരങ്ങളില്‍ നിന്ന് 5162 റണ്‍സും നേടിയിട്ടുണ്ട്. 2021ലാണ് ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ നിന്നും വിരമിച്ചത്.