കാന്‍ബറ:ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നേരത്തെ ടെസ്റ്റില്‍ നിന്നും വിരമിച്ച ഫിഞ്ച് കഴിഞ്ഞ വര്‍ഷമാണ് കങ്കാരുപ്പടയുടെ ഏകദിന കുപ്പായം അഴിച്ചുവച്ചത്. ഫിഞ്ച് കളിയവസാനിപ്പിക്കുന്നതോടെ കുട്ടിക്രിക്കറ്റില്‍ ഓസീസിന് പുതിയ നായകനെ കണ്ടെത്തേണ്ടി വരും.
'2024 ല്‍ നടക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ ഞാന്‍ കളിക്കാന്‍ സാധ്യതയില്ല. ടീമിലെ സ്ഥാനം ഒഴിയുന്നതിനുളള ശരിയായ സമയം ഇതാണ്. അടുത്ത ടി20 ലോകകപ്പിനായി ടീമിന് സജ്ജമാകേണ്ടതുണ്ട്. അതിന് അവര്‍ക്ക് സമയം ആവശ്യമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ പിന്തുണച്ച ആരാധകര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും നന്ദി പറയുന്നു', ഫിഞ്ച് വ്യക്തമാക്കി.
ടി20 ലോക കിരീടത്തില്‍ ക്രിക്കറ്റിലെ കരുത്തരായ കങ്കാരുപ്പട ആദ്യമായി മുത്തമിട്ടത് ആരോണ്‍ ഫിഞ്ചിന് കീഴിലായിരുന്നു. 2021ല്‍ യുഎഇയില്‍ നടന്ന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചായിരുന്നു ഓസ്‌ട്രേലിയ കിരീടം നേടിയത്. 2015ല്‍ ഓസീസ് ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ഫിഞ്ചും ടീമിലുണ്ടായിരുന്നു.
ഇത് രണ്ടുമാണ് തന്‍റെ കരിയറിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളെന്നും ഫിഞ്ച് വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിബിഎല്ലില്‍ ഫിഞ്ച് മെല്‍ബണ്‍ റെനഗേഡ്‌സിനായാണ് കളിച്ചത്. സീസണില്‍ 428 റണ്‍സാണ് ഫിഞ്ചിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.
ഓസ്‌ട്രേലിയക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് ആരോണ്‍ ഫിഞ്ച്. 2011ല്‍ ഓസീസ് ടി20 ടീമിലെത്തിയ ഫിഞ്ച് 103 മത്സരങ്ങളില്‍ നിന്ന് 34.28 ശരാശരിയില്‍ 142.53 പ്രഹരശേഷിയില്‍ 3120 റണ്‍സാണ് നേടിയിട്ടുള്ളത്. രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയും ഫിഞ്ചാണ്.
2018ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ 172 ആണ് ഈ റെക്കോഡ്. ഇംഗ്ലണ്ടിനെതിരെ 2013ല്‍ 156 റണ്‍സും ഫിഞ്ച് നേടിയിട്ടുണ്ട്. രാജ്യാന്തര കുപ്പായം അഴിച്ചെങ്കിലും ബിബിഎല്ലില്‍ മെല്‍ബണ്‍ റെനഗേഡ്‌സ് ആഗ്രഹിച്ചാല്‍ താന്‍ തുടര്‍ന്നും കളത്തിലിറങ്ങുമെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.
അതേസമയം, ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത ടി20 പരമ്പര. ഈ പരമ്പരയ്ക്ക് മുന്‍പ് തന്നെ ടീമിന് പുതിയ നായകനെ കണ്ടെത്തേണ്ടതുണ്ട്. ടെസ്റ്റ്, ഏകദിന ടീം നായകനായ പാറ്റ് കമ്മിന്‍സിനെ ഫിഞ്ചിന്‍റെ പകരക്കാരന്‍റെ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്‌ഡിന് സാധ്യതയുണ്ടെങ്കിലും പ്രായം താരത്തിന് വെല്ലുവിളിയാണ്. ആദം സാംപ, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ആഷ്‌ടന്‍ അഗര്‍ എന്നിവരാണ് ക്യാപ്റ്റന്‍സി പരിഗണനയിലുള്ള മറ്റ് താരങ്ങള്‍. ബിഗ്‌ബാഷില്‍ മിന്നും പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്‌മിത്തും ഓസീസ് ക്യാപ്റ്റനാകാന്‍ സാധ്യതയുണ്ട്.