ക്വീന്‍സ്‌ലാന്‍ഡ് : ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ ആരോണ്‍ ഫിഞ്ച്. ഏകദിനത്തില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. ന്യൂസിലാന്‍ഡിനെതിരായി നാളെ നടക്കുന്ന മത്സരത്തിലാകും ഫിഞ്ച് ഓസീസ് എകദിന ടീമിനൊപ്പം അവസാന അന്താരാഷ്‌ട്ര മത്സരം കളിക്കുക.
പുതിയ നായകന് അടുത്ത ലോകകപ്പിന് തയ്യാറെടുക്കാനും വിജയിക്കാനുമുള്ള ഏറ്റവും മികച്ച അവസരം നൽകേണ്ട കൃത്യമായ സമയമാണിത്. ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമുള്ള യാത്ര മികച്ച അനുഭവമായിരുന്നെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം നിലവിലെ ടി20 ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ ടി20 നായക സ്ഥാനത്ത് അദ്ദേഹം തുടരും.
2022 ല്‍ 13 മത്സരങ്ങളില്‍ നിന്നും 169 റൺസ് മാത്രമാണ് ഏകദിനത്തില്‍ ഫിഞ്ച് നേടിയത്. അഞ്ച് മത്സരങ്ങളില്‍ താരത്തിന് അക്കൗണ്ട് പോലും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം കളിച്ച 7 ഇന്നിങ്‌സുകളില്‍ 26 റണ്‍സ് മാത്രമാണ് സമ്പാദ്യം.
2013-ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 145 മത്സരങ്ങള്‍ ഓസ്‌ട്രേലിയയ്‌ക്കായി കളിച്ച താരം 17 സെഞ്ച്വറി ഉള്‍പ്പടെ 5401 റണ്‍സാണ് ഇതുവരെ നേടിയത്. ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കായി കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനായാണ് താരത്തിന്‍റെ പടിയിറക്കം. കൂടാതെ 2015-ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ഭാഗമായും ഫിഞ്ച് കളിച്ചിരുന്നു.
2018 ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയാണ് ആരോണ്‍ ഫിഞ്ചിനെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്‌റ്റനായി നിയമിക്കുന്നത്. 2019 ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന് കീഴിലാണ് ഓസ്‌ട്രേലിയ സെമി ഫൈനല്‍ വരെ എത്തിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ കിട്ടാക്കനിയായിരുന്ന ടി20 കിരീടം കങ്കാരുപ്പട ആദ്യമായി സ്വന്തമാക്കിയതും ആരോണ്‍ ഫിഞ്ചിന് കീഴിലാണ്.