ലാഹോര്‍ : ഇന്ത്യന്‍ താരം വിരാട് കോലിയുടെ ഫോമുമായി ബന്ധപ്പെട്ട് സമീപ കാലത്തായി നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി കണ്ടെത്താനാവാതെ വലയുകയാണ് താരം. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വിശ്രമം അനുവദിക്കപ്പെട്ട കോലി ഏഷ്യ കപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്.
ഇപ്പോഴിതാ കോലിയുടെ ഫോമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാകിസ്ഥാൻ മുൻ പേസർ ആഖിബ് ജാവേദ്. കോലിയുടെ മോശം ഫോം ഏറെ നാളായി തുടരുന്നതിന്‍റേയും, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരില്‍ നിന്നും താരം ഏങ്ങനെ വ്യത്യസ്തനാകുന്നു എന്നുമാണ് ആഖിബ് ജാവേദ് വിശദീകരിക്കുന്നത്.
ഒരു പ്രത്യേക ബലഹീനതയാണ് കോലിക്ക് തിരിച്ചടിയാവുന്നതെന്നും, സാങ്കേതികമായി മികച്ച് നില്‍ക്കുന്ന ബാറ്റര്‍മാര്‍ ഇത്രയും നീണ്ടകാലം മോശം അവസ്ഥയിലൂടെ പോവില്ലെന്നും ജാവേദ് അഭിപ്രായപ്പെട്ടു.