മുംബൈ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചയാവുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോഡുകള്‍ തീര്‍ക്കുന്ന സര്‍ഫറാസിനെ തഴഞ്ഞ് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് അവസരം നല്‍കിയ സെലക്‌ടര്‍മാരുടെ തീരുമാനത്തെ നിരവധി പേര്‍ ചോദ്യം ചെയ്‌തിരുന്നു. ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര.
സൂര്യയ്‌ക്ക് പകരം സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്. "സർഫറാസിന്‍റെ പേര് ഇപ്പോഴും ഇല്ല. അവന്‍റെ പേര് ആ പട്ടികയില്‍ ഉണ്ടാവേണ്ടിയിരുന്നതിനാല്‍ താൻ ചതിക്കപ്പെട്ടുവെന്ന് അവന് തോന്നിയേക്കും.
ബുംറയുടെ പേരും പട്ടികയിലില്ലെന്നത് മറ്റൊരു വാർത്തയാണ്. പക്ഷേ സർഫറാസ് അവിടെ ഇല്ലെന്നതാണ് എനിക്ക് കൂടുതൽ ആശങ്ക. നിങ്ങൾ സൂര്യയെ തെരഞ്ഞെടുത്തപ്പോൾ, അതിനർഥം ഒരു സ്ലോട്ട് തുറന്നിരിക്കുന്നു എന്നാണ്.
സർഫറാസിന് ആ അവസരം ലഭിക്കേണ്ടതായിരുന്നു. കാരണം അവന്‍റെ ഫസ്റ്റ് ക്ലാസ് ശരാശരി 80 ആണ്. കളിച്ച മത്സരങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ അവനെ കൂടാതെ, സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് മാത്രമേ ഇത്രയും ശരാശരിയുള്ളൂ" - ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി തന്‍റെ കഴിവിന്‍റെ പരമാവധി താരം ചെയ്‌തിട്ടുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. "സര്‍ഫറാസിനെ ടീമിലെടുക്കാത്തതില്‍ എനിക്ക് അൽപ്പം നിരാശയുണ്ട്. ഇന്ത്യന്‍ ടീമിലെത്താനുള്ള അവകാശം സർഫറാസിന് ഉണ്ടായിരുന്നു. എന്‍റെ അഭിപ്രായത്തിൽ ഒരാളുടെ ആഭ്യന്തര സീസൺ വളരെ മികച്ചതാണെങ്കിൽ, നിങ്ങൾ അദ്ദേഹത്തിന് പ്രതിഫലം നൽകണമായിരുന്നു" - ചോപ്ര കൂട്ടിച്ചേർത്തു.