മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തെ പ്രവചിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ പേരാണ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ രാഹുലിന്‍റെ ബാറ്റിങ് ശൈലിക്ക് അനുകൂലമാണെന്നാണ് ചോപ്ര പറയുന്നത്.
"2022ലെ ടി20 ലോകകപ്പിൽ കെഎൽ രാഹുലിന് ഇന്ത്യയുടെ ടോപ് സ്‌കോറർ ആകാം. 20 ഓവറുകളും ബാറ്റ് ചെയ്യാൻ അവന് അവസരമുണ്ട്, അവസാനം വരെ ബാറ്റ് ചെയ്യാനുള്ള കഴിവും അവനുണ്ട്. പന്ത് അനായാസം ബാറ്റിലേക്ക് വരുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ രാഹുലിന്‍റെ ബാറ്റിങ് ശൈലിക്ക് ഇണങ്ങും," ആകാശ് ചോപ്ര പറഞ്ഞു.
ബോളിങ് യൂണിറ്റില്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ പ്രകടനം നിര്‍ണായകമാവുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. "ന്യൂബോളിലും ഡെത്ത് ഓവറുകളിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് അര്‍ഷ്‌ദീപ്. മധ്യ ഓവറുകളിലും അവന് സാധ്യതയുണ്ട്. ഓസീസിലെ പിച്ചുകളും വലിയ ഗ്രൗണ്ടും അവന് അനുകൂല ഘടകങ്ങളാണ്," ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.