മുംബൈ :കായിക ലോകത്ത് നിറയെ അടയാളപ്പെടുത്തലുകളുമായി ഏറെ സംഭവബഹുലമായി തന്നെ 2023 വിടപറയാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ ഈ വര്‍ഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്ററും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra picks ODI Team of the Year 2023).
വര്‍ഷാവസാനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ വിജയിച്ച ഓസ്‌ട്രേലിയയുടെ ഒരൊറ്റ കളിക്കാരനെയും ഉള്‍പ്പെടുത്താതെയാണ് ആകാശ് ചോപ്രയുടെ ടീം തെരഞ്ഞെടുപ്പ്. ടീമില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമുണ്ടെങ്കിലും ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍ എന്നിവരെ ആകാശ് ചോപ്ര പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ നിരയില്‍ നിന്നും ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ കെഎല്‍ രാഹുലുമുണ്ട്.
ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്ലും രോഹിത് ശര്‍മയുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. രോഹിത്താണ് ടീമിന്‍റെ ക്യാപ്റ്റന്‍. ഏകദിന ലോകകപ്പിലെ ക്യാപ്റ്റന്‍സി മികവാണ് ഇതിന് കാരണമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഈ വര്‍ഷം 27 മത്സരങ്ങളിൽ നിന്ന് 52 ശരാശരിയിലും 117 സ്ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും ഒമ്പത് അർധ സെഞ്ചുറികളും സഹിതം 1255 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. 29 മത്സരങ്ങളിൽ നിന്ന് 63 ശരാശരിയിലും 105 സ്ട്രൈക്ക് റേറ്റിലും അഞ്ച് സെഞ്ചുറികളും ഒമ്പത് അർധ സെഞ്ചുറികളും സഹിതം 1584 റൺസാണ് ഗില്ലിന്‍റെ സമ്പാദ്യം.
മൂന്നാം നമ്പറില്‍ വിരാട് കോലിയാണ് എത്തുക. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ടോപ് സ്‌കോററാണ് കോലി. 27 മത്സരങ്ങളിൽ നിന്ന് 72 ശരാശരിയിലും 99 സ്ട്രൈക്ക് റേറ്റിലും ആറ് സെഞ്ചുറികളും എട്ട് അർധ സെഞ്ചുറികളും സഹിതം 1377 റൺസാണ് താരം നേടിയിട്ടുള്ളത്. നാലാം നമ്പറില്‍ ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍, അഞ്ചാം നമ്പറില്‍ പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ എന്നിങ്ങനെയാണ് ടീമിലെ ബാറ്റിങ് യൂണിറ്റ്.
ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി നിര്‍ണായക പ്രകടനം നടത്തിയ താരമാണ് മിച്ചല്‍. ഈ വർഷം അഞ്ച് സെഞ്ചുറികൾ അടിച്ച താരം 1204 റൺസ് നേടിയിട്ടുണ്ട്. 100 സ്‌ട്രൈക്ക് റേറ്റും 52 ശരാശരിയുമുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് റിസ്‌വാനെ ടീമിലെടുത്തിരിക്കുന്നത്. രാഹുലുമായി മത്സരമുണ്ടെങ്കിലും താന്‍ റിസ്‌വാനൊപ്പം പോവുകയാണെന്ന് ചോപ്ര പറഞ്ഞു. ഈ വര്‍ഷം 25 മത്സരങ്ങളിൽ നിന്ന് 64 ശരാശരിയിലും 93 സ്ട്രൈക്ക് റേറ്റിലും ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടെ 1023 റൺസാണ് പാക് താരം നേടിയിട്ടുള്ളത്.