ന്യൂഡല്‍ഹി: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനിടെ വിരാട് കോലി ഫേക്ക് ഫീല്‍ഡിങ് നടത്തിയെന്ന നുറുല്‍ ഹസന്‍റെ ആരോപണം ശരിവെച്ച് മുന്‍ താരം ആകാശ് ചോപ്ര. ബാറ്റര്‍ വഞ്ചിതനായോ ഇല്ലയോ എന്നത് ഇവിടെ പ്രശ്‌നമല്ല. കോലി നടത്തിയത് ഫേക്ക് ഫീല്‍ഡിങ് ശ്രമം ആയിരുന്നെന്നും അതിന് ഇന്ത്യന്‍ ടീം അഞ്ച് റണ്‍സ് പിഴ അര്‍ഹിച്ചിരുന്നുവെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശ് താരങ്ങളുടെ ആരോപണം ശരിയാണ്. കയ്യില്‍ പന്ത് ഇല്ലാതെ കോലി കാണിച്ചത് നൂറ് ശതമാനം ഫേക്ക് ഫീല്‍ഡിങാണ്. മത്സരം നിയന്ത്രിച്ചിരുന്ന അമ്പയര്‍മാര്‍ അത് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഉറപ്പായും അഞ്ച് റണ്‍സ് പിഴയായി ലഭിക്കും.
ഇത്തവണ ടീം രക്ഷപ്പെട്ടു. അടുത്ത തവണ മത്സരത്തില്‍ അമ്പയര്‍മാര്‍ കൂടുതല്‍ ശ്രദ്ധാലുക്കാളായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ ഇക്കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ ഇനി അതിലൊന്നും ചെയ്യാനില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
ഇന്ത്യ ബംഗ്ലാദേശ് മത്സരം മഴ മത്സരം തടസപ്പെടുത്തുന്നതിന് മുന്‍പാണ് ബംഗ്ലാ താരം നുറുല്‍ ചൂണ്ടിക്കാട്ടിയ സംഭവം. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്ത് ലിറ്റണ്‍ ദാസ് ഓഫ്‌സൈഡിലേക്ക് കളിച്ച ശേഷം രണ്ടാം റണ്‍സിനായി ഓടി. ലിറ്റണ്‍ ദാസ് അടിച്ച പന്ത് ഫീല്‍ഡ് ചെയ്‌ത അര്‍ഷ്‌ദീപ് സിങ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിലേക്ക് ത്രോ ചെയ്‌തു. എന്നാല്‍ കാര്‍ത്തിക്കിന് കുറച്ച് മീറ്ററുകള്‍ക്ക് മുന്നില്‍ നിന്ന വിരാട് കോലി പന്ത് പിടിച്ച് എറിയുന്നതുപോലെ ആംഗ്യം കാണിക്കുകയായിരുന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിയമപ്രകാരം (41.5) മനപൂര്‍വം ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിക്കല്‍, ബാറ്റര്‍ക്ക് റണ്‍സെടുക്കുന്നതില്‍ തടസം സൃഷ്‌ടിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഫീല്‍ഡിങ് ടീമിലെ താരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി വിധിക്കാനാകും.
Also Read: കോലിയുടെ 'ഫേക്ക് ഫീല്‍ഡിങ്' പെനാല്‍റ്റി വിധിച്ചിരുന്നങ്കില്‍ മത്സരഫലം മാറിയേനെ; ആരോപണവുമായി ബംഗ്ലാദേശ് താരം