മുംബൈ:ഏകദിന ക്രിക്കറ്റില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) പിന്തുണയുമായി മുന്‍ താരം ആകാശ് ചോപ്ര (Aakash Chopra). ഇത്തരം സാഹചര്യങ്ങളിലൂടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma) കടന്ന് പോയിട്ടുണ്ടെന്നും, ഫോര്‍മാറ്റിന്‍റെ സ്‌പന്ദനം മനസിലാക്കാന്‍ സൂര്യകുമാറിന് കുറച്ച് സമയം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകദിന ഫോര്‍മാറ്റ് തനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
'ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം മധ്യനിരയില്‍ ബാറ്റ് ചെയ്‌തിരുന്ന താരമാണ് രോഹിത് ശര്‍മ. കരിയറില്‍ അത്ര സുഖകരമായിരുന്ന തുടക്കമായിരുന്നില്ല രോഹിതിന് ലഭിച്ചത്. നന്നായി ബാറ്റ് ചെയ്യാറുണ്ടായിരുന്നെങ്കിലും പലപ്പോഴും മോശം ഷോട്ട് കളിച്ചാണ് രോഹിത് വിക്കറ്റ് നഷ്‌ടപ്പെടുത്തിയിരുന്നത്.
നന്നായി കളിച്ചിരുന്ന ഒരാള്‍ ഇത്തരത്തില്‍ പുറത്താകുന്നത് കണ്ട് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ട്. തന്‍റെ കരിയറിന്‍റെ തുടക്കത്തിലായിരുന്നു ഇതെല്ലാം എന്നതാണ് ശ്രദ്ധേയം. പിന്നീട്, ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ രോഹിതിന് ടെസ്റ്റ് ക്രിക്കറ്റിന്‍റെ സ്‌പന്ദനം മനസിലാക്കാന്‍ കഴിഞ്ഞു.
ഇപ്പോള്‍, രോഹിത് ശര്‍മ മികച്ച് രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നത്. ഇതുപോലെ, സൂര്യകുമാര്‍ യാദവിനും ഫോര്‍മാറ്റിന്‍റെ സ്‌പന്ദനം മനസിലാക്കാന്‍ സമയം ആവശ്യമാണ്.'- ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ടി20 ക്രിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുക്കുമ്പോഴും പലപ്പോഴും ഏകദിനത്തില്‍ അതേ നിലവാരത്തിലേക്ക് ഉയരാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിട്ടില്ല. കരിയറില്‍ ഇതുവരെ 26 ഏകദിന മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറി ഉള്‍പ്പടെ 511 റണ്‍സാണ് താരം നേടിയിട്ടുള്ളത്. വിന്‍ഡീസിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയിലും സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചിരുന്നു.
എന്നാല്‍, ടി20 പരമ്പരയിലേക്ക് എത്തിയപ്പോള്‍ താരം വീണ്ടും റണ്‍സടിച്ച് കൂട്ടി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ പ്രകടനമായിരുന്നു ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ കാഴ്‌ചവച്ചത്. ഈ മത്സരത്തിന് ശേഷമായിരുന്നു സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റില്‍ താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചിരുന്നത്.
കൂടാതെ, ഏകദിന ക്രിക്കറ്റില്‍ തന്‍റെ റെക്കോഡ് അത്ര മികച്ചതല്ലെന്നും താരം തുറന്ന് സമ്മതിച്ചിരുന്നു. തന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ എന്താണ് വേണ്ടതെന്ന് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തനിക്ക് നല്‍കിയിട്ടുണ്ടെന്നും സൂര്യ നേരത്തെ പറഞ്ഞിരുന്നു. ഏകദിന ഫോര്‍മാറ്റിലെ പ്രകടനങ്ങളെ കുറിച്ച് സൂര്യകുമാര്‍ യാദവ് നടത്തിയ പരാമര്‍ശങ്ങളെയും ആകാശ് ചോപ്ര അഭിനന്ദിച്ചു.
'ഏകദിനത്തില്‍ തന്‍റെ റെക്കോഡ് മോശമാണെന്ന കാര്യം സൂര്യക്ക് നന്നായി അറിയാം. അക്കാര്യം അയാള്‍ തന്നെ പരസ്യമായി തുറന്ന് സമ്മതിച്ചിട്ടുണ്ട്. സൂര്യയുടെ പ്രകടനങ്ങളെ കുറിച്ച് ആളുകള്‍ എന്താണ് പറയുന്നതെന്നും അയാള്‍ക്ക് വ്യക്തമാണ്' - ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
Also Read :Suryakumar Yadav|'അത് സമ്മതിക്കാന്‍ യാതൊരു മടിയുമില്ല', ഏകദിനത്തിലെ പ്രകടനത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ്