മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് (Cricket World Cup 2023) സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) തിരിച്ചുവരവിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) ലഭിച്ചിരിക്കുന്ന അവസരമാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരമെന്ന് ആകാശ് ചോപ്ര. ലോകകപ്പില്‍ ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രം അവസരം ലഭിച്ച സൂര്യകുമാര്‍ യാദവ് 51 റണ്‍സാണ് ടീമിനായി സ്കോര്‍ ചെയ്‌തത്. ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ 49 റണ്‍സ് പ്രകടനവുായി ഇന്ത്യന്‍ ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കാനും സൂര്യയ്‌ക്കായി.
ലോകകപ്പില്‍ ഇന്ത്യ കളിച്ച ആദ്യ നാല് മത്സരങ്ങളിലും ഡഗ്ഔട്ടിലായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ സ്ഥാനം. ഇന്ത്യയുടെ നാലാമത്തെ മത്സരത്തില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക് പറ്റിയതോടെയാണ് സൂര്യയ്‌ക്ക് ടീമിലേക്ക് അവസരം ലഭിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലൂടെ ആയിരുന്നു ലോകകപ്പില്‍ 33-കാരനായ സൂര്യയുടെ അരങ്ങേറ്റം.
ഈ മത്സരത്തില്‍ റണ്‍ ഔട്ട് ആയ താരം, ഇംഗ്ലണ്ടിനെതിരെ ബാറ്റുകൊണ്ട് നിര്‍ണായക സംഭാവനയാണ് ടീമിനായി നല്‍കിയത്. 131-4 എന്ന നിലയില്‍ ലഖ്‌നൗവില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ബാറ്റിങ് ആരംഭിച്ച സൂര്യ കരുതലോടെ കളിച്ചാണ് ടീം ടോട്ടല്‍ 200 കടത്തിയത്. 47 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 49 റണ്‍സായിരുന്നു ഈ മത്സരത്തില്‍ സൂര്യയുടെ സമ്പാദ്യം.