മുംബൈ:ടി20 ലോകകപ്പിന് മുന്നോടിയായി ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് അഫ്‌നിസ്ഥാനെതിരായി ഇപ്പോൾ നടക്കുന്നത്. (India vs Afghanistan). മൂന്ന് മത്സര പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച ആതിഥേയര്‍ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അവസാന ടി20 ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണ്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ എത്തിയേക്കുമെന്നാണ് വിവരം. മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ 29-കാരന് കഴിയുമെന്നാണ് പൊതുവെ സംസാരം. എന്നാല്‍ ഒരൊറ്റ മത്സരം കൊണ്ട് മാത്രം സഞ്‌ജുവിനെ വിലയിരുത്തുന്നത് തെറ്റാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. (Aakash Chopra on Sanju Samson ahead of India vs Afghanistan 3rd T20I).
സഞ്‌ജുവിന് പകരം കഴിഞ്ഞ രണ്ട് ടി20കളും കളിച്ച ജിതേഷ് ശര്‍മയ്‌ക്ക് ഇതേവരെ ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "ആറാം നമ്പറിലേക്ക് ജിതേഷോ അതോ സഞ്ജുവോ എന്നതാണ് ചോദ്യം. ടീമില്‍ ജിതേഷ് തന്‍റെ സ്ഥാനം പൂർണ്ണമായും ഉറപ്പിച്ചിരുന്നെങ്കിൽ, ജിതേഷിന്‍റെ പേരിന് മുന്നിൽ ഒരു ചോദ്യചിഹ്നം ഇല്ലായിരുന്നുവെങ്കിൽ, തീർച്ചയായും അവൻ ലോകകപ്പിന് പോകുമായിരുന്നു.
എന്നാല്‍ അവന്‍ ഇതുവരെ ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ഇനി ഒരു മത്സരം മാത്രം കളിപ്പിച്ച് നിങ്ങള്‍ക്ക് സഞ്‌ജുവിനെ വിലയിരുത്താന്‍ കഴിയുമോ?. അങ്ങനെയെങ്കില്‍ അതു തീര്‍ച്ചയായും തെറ്റാണ്. ആരെ പരീക്ഷിക്കുകയാണെങ്കിലും അയാള്‍ക്ക് കുറഞ്ഞത് മൂന്ന് അവസരമെങ്കിലും നല്‍കുക. സഞ്ജുവിന്‍റെ കരിയറിലുട നീളം സംഭവിച്ചത് ഇതാണ്"- ആകാശ് ചോപ്ര (Aakash Chopra) പറഞ്ഞു.