ലഖ്‌നൗ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ ഇംഗ്ലണ്ട് (India vs England) പോരാട്ടത്തിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയവും പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ അവസാന സ്ഥാനം മെച്ചപ്പെടുത്താനാണ് ഇംഗ്ലണ്ടിന്‍റെ വരവ്. ലഖ്‌നൗവിലെ ഏകന സ്പേര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ടോസ് വീഴുന്ന മത്സരം രണ്ട് മണിക്കാണ് ആരംഭിക്കുന്നത്.
ലോകകപ്പിലെ ആറാം മത്സരത്തില്‍ ആറാം ജയം തേടി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനിലേക്ക് ആരെല്ലാം എത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ അഞ്ച് ബൗളര്‍മാരും അഞ്ച് ബാറ്റര്‍മാരുമായിട്ടായിരുന്നു ടീം ഇന്ത്യ ഇറങ്ങിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെയായിരുന്നു വിന്നിങ് കോമ്പിനേഷനില്‍ ടീം മാറ്റം വരുത്തിയത്.
ഇന്ന് ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങുമ്പോഴും ടീമില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന ലഖ്‌നൗവില്‍ ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്ന വിലയിരുത്തലിലാണ് ആരാധകര്‍. എന്നാല്‍, അശ്വിനെ ടീമിലേക്ക് തിരികെ കൊണ്ട് വന്നാല്‍ ടീം ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം അതായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.
ഇത്തവണ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ മാത്രമാണ് രവിചന്ദ്രന്‍ അശ്വിന്‍ കളിച്ചത്. സ്‌പിന്നിനെ തുണയ്‌ക്കുന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം. ഈ കളിയില്‍ പത്തോവര്‍ പന്തെറിഞ്ഞ അശ്വിന്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.