മുംബൈ: സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തന്‍റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തുന്നു എന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഐപിഎല്‍ ട്രേഡ് വിന്‍ഡോ (IPL Trade Window) നാളെ അവസാനിക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra on Hardik Pandya's move to Mumbai Indians From Gujarat Titans).
നായകസ്ഥാനം ലഭിച്ചില്ലെങ്കിൽ 30-കാരനായ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സില്‍ (Mumbai Indians) തിരികെ എത്തുന്നതില്‍ യാതൊരു അർത്ഥവുമില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. "ഹാർദിക് മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തുന്നു എന്ന ഒരു കിംവദന്തി പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു തരത്തിലുള്ള സ്ഥിരീകരണവും വന്നിട്ടില്ല.
അവന്‍ തിരിച്ച് പോവുകയാണെങ്കില്‍, ഒരു തവണ കിരീടം നേടിത്തരികയും രണ്ടാം തവണ ഫൈനലില്‍ എത്തിക്കുകയും ചെയ്ത ക്യാപ്റ്റനെയാണ് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) റിലീസ് ചെയ്യുന്നത്.
ഇനി മുംബൈയിലെക്ക് എത്തുമ്പോള്‍ അവന് ക്യാപ്റ്റനാവാന്‍ കഴിയുമോ?, അവിടെ ക്യാപ്റ്റനാവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് പോകുന്നത്. സത്യം പറഞ്ഞാല്‍, ഈ കഥയുടെ അവസാനമോ തുടക്കമോ ഞാൻ ശരിയായി കേട്ടിട്ടില്ല. അതിനാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാന്‍ തന്നെയാണ് എന്‍റെ തീരുമാനം.
എന്തെങ്കിലും സംഭവിക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം തീയില്ലാതെ പുകയുണ്ടാവില്ല. ഹാർദിക് പോകാനാണ് സാധ്യത. ഹാര്‍ദിക് എത്തുമ്പോള്‍ രോഹിത് ശര്‍മ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോവുമോ?. അതൊരു സാധ്യതയാണോ - എനിക്കറിയില്ല" ആകാശ് ചോപ്ര (Aakash Chopra) വ്യക്തമാക്കി.