കേരളം

kerala

ETV Bharat / sports

മോശം പിച്ചുകളെക്കുറിച്ച് ഇന്ത്യ പരാതി പറയാറില്ല, പോരാട്ടമികവാണ് പുറത്തെടുക്കാറ്: ആകാശ് ചോപ്ര - ആകാശ് ചോപ്ര

Aakash Chopra India Cricket team: മോശം പിച്ചുകളെക്കുറിച്ച് പരാതി പറയാതെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഇന്ത്യയെന്ന് മുന്‍ താരം ആകാശ് ചോപ്ര.

Aakash Chopra  Cape Town Test  ആകാശ് ചോപ്ര  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Aakash Chopra On India Cricket team performance In Cape Town Test

By ETV Bharat Kerala Team

Published : Jan 5, 2024, 6:06 PM IST

ന്യൂഡല്‍ഹി : ചരിത്രത്തിലെ തന്നെ ഏറ്റവും കുഞ്ഞന്‍ ടെസ്റ്റന്ന കുപ്രസിദ്ധിയുമായാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് അവസാനിച്ചത് (India vs South Africa). കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ പേസര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട മത്സരം വെറും ഒന്നര ദിവസത്തിലാണ് തീര്‍ന്നത്. പിച്ചിലെ പേസും അപ്രതീക്ഷിത ബൗണ്‍സുമായിരുന്നു ബാറ്റര്‍മാരെ വലച്ചത്. എന്നാല്‍ ഏഴ്‌ വിക്കറ്റിന്‍റെ വിജയം നേടാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ മോശം പിച്ചുകളില്‍ പരാതി പറയുന്നതല്ല, മികച്ച പ്രകടനം നടത്തുന്നതാണ് ഇന്ത്യയുടെ ചരിത്രമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. മോശം പിച്ചുകള്‍ ഇന്ത്യന്‍ ടീമിന്‍റെ മികച്ച പ്രകടനം പുറത്തെടുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഒരു ടെസ്റ്റ് മത്സരം ഒന്നര ദിവസം മാത്രം നീണ്ടു നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും അതില്‍, എന്തോ കുഴപ്പമുണ്ട്. പിച്ചിനെ ചുറ്റിപ്പറ്റി ചില ചർച്ചകൾ നടന്നിട്ടുണ്ട്. ചില ചോദ്യങ്ങും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പിച്ചിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ഇന്ത്യ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ മത്സരം നടന്ന വാണ്ടറേഴ്‌സിലെ പിച്ച് മോശമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, ഏതെങ്കിലും കളിക്കാരന് പരിക്കേൽക്കുമായിരുന്ന സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. രണ്ടാം ടെസ്റ്റ് നടന്ന കേപ്‌ടൗണിലെ പിച്ചും മോശമായിരുന്നു.

എന്നാല്‍ ഇന്ത്യ എപ്പോഴും കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു പരാതിയും പറഞ്ഞില്ല. പെർത്തിലെ (ഓസ്‌ട്രേലിയ) പിച്ചും ഞാൻ ഓർക്കുന്നു. വളരെ മോശം പിച്ചായിരുന്നുവത്. ഒരു പന്ത് ഗുഡ്‌ ലെങ്‌ത്തില്‍ നിന്നും വിക്കറ്റ് കീപ്പറുടെ തലയ്‌ക്ക് മുകളിലൂടെ പറക്കുന്ന തരത്തിലുള്ള പിച്ചിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

അവിടെയും ഇന്ത്യ ഒന്നും പറഞ്ഞില്ല. തങ്ങളുടെ പോരാട്ടമികവാണ് അവര്‍ കാണിച്ചുതന്നത്. വാസ്‌തവത്തിൽ, പിച്ച് മോശമാകുമ്പോൾ അത് ഇന്ത്യയുടെ മികച്ച പ്രകടനം പുറത്തെടുപ്പിക്കുകയാണ് ചെയ്യുന്നത്"- ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം മത്സരത്തിന് ശേഷം സംസാരിക്കവെ വിദേശത്തുള്ള ഏതൊരു സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ഇനി ഇന്ത്യന്‍ സാഹര്യങ്ങളക്കുറിച്ച് പരാതികള്‍ ഉയരരുതെന്നും രോഹിത് പറഞ്ഞുവച്ചിരുന്നു.

"ഈ പിച്ചില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടു. ഇത്തരം പിച്ചുകളില്‍ കളിക്കുന്നതിന് ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ഞങ്ങളിവിടെ എത്തിയത് വെല്ലുവിളികള്‍ നേരിടാന്‍ തന്നെയാണ്. ഇനി ഇന്ത്യയിലേക്ക് വരുമ്പോഴും അതിന് തയ്യാറാവണം. എന്നാല്‍ പന്ത് ആദ്യ ദിനം തന്നെ കുത്തിത്തിരിയുമ്പോള്‍ പിച്ചില്‍ നിന്നും പൊടി പാറുന്നുവെന്ന പരാതികളാണ് എപ്പോഴും കാണാനാവുക" -രോഹിത് പറഞ്ഞു.

ALSO READ:3 മത്സരം കളിച്ചാലും ഇന്ത്യന്‍ താരങ്ങളുടെ ഫ്ലൈറ്റ് മിസ്സാകില്ലായിരുന്നു; മാര്‍ഗമിതെന്ന് പീറ്റേഴ്‌സണ്‍

കേപ്‌ടൗണിലെ പിച്ചില്‍ വിള്ളലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ 36-കാരന്‍ ഏത് രാജ്യത്ത് മത്സരം നടന്നാലും മാച്ച്‌ റഫറിമാര്‍ നിഷ്‌പക്ഷരായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഏകദിന ലോകകപ്പ് ഫൈനൽ നടന്ന അഹമ്മദാബാദിലെ പിച്ചിന് 'ശരാശരിയിൽ താഴെ' എന്ന റേറ്റിങ് ലഭിച്ചത് തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. റേറ്റിങ് നല്‍കേണ്ടത് പിച്ചില്‍ കാണുന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ആതിഥേയരാവുന്ന രാജ്യങ്ങളെ അടിസ്ഥാനമാക്കിയാവരുതെന്നും താരം പറഞ്ഞു നിര്‍ത്തി.

ABOUT THE AUTHOR

...view details