മുംബൈ: ആഷസ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ അവസാന ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയുടെ വിവാദ റണ്ണൗട്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 52-ാം ഓവറിലെ അവസാന പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയാണ് ബെയര്‍സ്റ്റോയെ പുറത്താക്കുന്നത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ പന്ത് ദേഹത്ത് തട്ടാതിരിക്കാന്‍ ഇംഗ്ലീഷ് താരം അതു കുനിഞ്ഞ് ലീവ് ചെയ്‌തിരുന്നു.
പന്ത് ഡെഡ് ആയെന്ന് കരുതിയ ബെയര്‍സ്റ്റോ തുടര്‍ന്ന് ക്രീസ് വിട്ടിറങ്ങുകയും ചെയ്‌തു. എന്നാല്‍ പന്ത് ലഭിച്ച ഓസീസ് വിക്കറ്റ് കീപ്പര്‍ അണ്ടര്‍ ആം ത്രോയിലൂടെ ബെയ്‌ല്‍സ് ഇളക്കുകായിരുന്നു. ഇതിന് പിന്നാലെ ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം അമ്പയര്‍ ബെയര്‍സ്റ്റോയ്‌ക്ക് എതിരെ വിരല്‍ ഉയര്‍ത്തുകയായിരുന്നു.
ഇതിന് പിന്നാലെ ഓസീസ് താരങ്ങളുടെ പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാതാണെന്നും, എന്നാല്‍ അതില്‍ ഒരു കുഴപ്പവുമില്ലെന്നും വാദമുയര്‍ത്തി ഇപ്പോഴത്തേയും മുന്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. എന്തായാലും മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ തോല്‍വിയുടെ പ്രധാന കാരങ്ങളിലൊന്നായിരുന്നു ബെയര്‍സ്റ്റോയുടെ പുറത്താവല്‍. മത്സര ശേഷം ബെയര്‍സ്റ്റോയുടെ വിക്കറ്റിലെ തന്‍റെ അതൃപ്‌തി ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് പരസ്യമാക്കിയിരുന്നു.
ഈ വിധത്തില്‍ ഒരു മത്സരവും വിജയിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇംഗ്ലണ്ട് നായകന്‍ മത്സരത്തിന് ശേഷം പറഞ്ഞത്. ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലവും സമാന പ്രതികരണമാണ് നടത്തിയത്. ഓസീസിന്‍റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നു. ഇനി അവരോടൊത്ത് ഒരു ബിയര്‍ കുടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നുമായിരുന്നു ന്യൂസിലന്‍ഡിന്‍റെ മുന്‍ താരമായ മക്കല്ലത്തിന്‍റെ പ്രതികരണം. എന്നാല്‍ ഇംഗ്ലീഷ് ടീം പറയുന്ന 'ക്രിക്കറ്റിന്‍റെ മാന്യത' വെറും കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.