മുംബൈ:ഏറെ നീണ്ട ഇടവേള അവാനിപ്പിച്ച് ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരികെ എത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. അഫ്‌ഗാനിസ്ഥാനെതിരെ കളിച്ച രണ്ട് ടി20കളിലും പൂജ്യത്തിനാണ് താരം പുറത്തായത്. (India vs Afghanistan) മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ രണ്ട് പന്തുകള്‍ മാത്രം നേരിട്ട ഹിറ്റ്‌മാന്‍ റണ്ണൗട്ടായാണ് മടങ്ങിയത്.
ഇന്‍ഡോറിലെ രണ്ടാം ടി20യിലാവട്ടെ നേരിട്ട ആദ്യ പന്തില്‍ തന്നെ 36-കാരന്‍റെ കുറ്റി തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ മത്സരത്തില്‍ രോഹിത്തിന്‍റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര. (Aakash Chopra Criticizes Rohit Sharma) ഇതു സംബന്ധിച്ച് തന്‍റെ യുട്യൂബ് ചാനലില്‍ ചോപ്ര പറഞ്ഞതിങ്ങിനെ..
"ഇന്‍ഡോറില്‍ രോഹിത് പുറത്തായ ആ രീതി തീര്‍ത്തും അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നിങ്‌സിലെ തന്‍റെ ആദ്യ പന്തായിരുന്നു അദ്ദേഹം നേരിടുന്നത്. ഇതിന് മുമ്പ് അദ്ദേഹം അത്തരത്തിലൊരു ഷോട്ട് കളിക്കുന്നത് കണ്ടിട്ടില്ല.
ആ പന്ത് അദ്ദേഹത്തിന്‍റെ കുറ്റിയിളക്കിയാണ് കടന്ന് പോയത്. മൊഹാലിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം റണ്ണൗട്ടായിരുന്നു. ഈ പരമ്പരയിൽ ഇതുവരെ താരത്തിന് ഒരു റൺ പോലും നേടാനായിട്ടില്ല. റണ്ണൗട്ടായത് അദ്ദേഹത്തിന്‍റെ തെറ്റല്ല.
പക്ഷേ ഷോട്ട് സെലക്ഷൻ തീർച്ചയായും അങ്ങനെ തന്നെയാണ്. രോഹിത് ശർമ്മയുടെ ഫോമിലും കഴിവിലും യാതൊരു സംശയവുമില്ല. എന്നിരുന്നാലും, ഐപിഎല്ലിൽ അദ്ദേഹം ഫോമിലാവണം. ഇതേ രീതിയാവും പിന്തുടരുകയെന്നാണ് എനിക്ക് തോന്നുന്നത്.
എന്നാല്‍ കഴിഞ്ഞ ഏകദിന ലോകകപ്പിലേത് പോലെ 38-40 റണ്‍സാണ് അദ്ദേഹത്തിന്‍റെ ബാറ്റില്‍ നിന്നും നമുക്ക് വേണ്ടത്"- ആകാശ് ചോപ്ര പറഞ്ഞു. 2022-ലെ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു രോഹിത്. താരത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കായിരുന്നു ഫോര്‍മാറ്റില്‍ ബിസിസിഐ ചുമതല നല്‍കിയത്.
നീലപ്പട വീണ്ടുമൊരു ടി20 ലോകകപ്പിന് ഇറങ്ങാന്‍ ഇരിക്കെയാണ് രോഹിത് ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇതോടെ ജൂണില്‍ അരങ്ങേറാനിരിക്കുന്ന ടൂര്‍ണമെന്‍റില്‍ രോഹിത് ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌പെഷ്യലിസ്റ്റ് താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ടി20 ലോകകപ്പിന് ടീമിനെ അയയ്‌ക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതി.
ഇതോടെ രോഹിത്തിന് ടി20 ഫോര്‍മാറ്റിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടോയെന്ന തരത്തിലുള്ള സംസാരങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ താരം ടീമിനെ നയിച്ച രീതിയും നടത്തിയ മികച്ച പ്രകടനവും താരത്തെ തിരികെ എത്തിക്കുന്നതില്‍ സെലക്‌ടര്‍മാരെ ചിന്തിപ്പിച്ചുവെന്ന് വേണം മനസിലാക്കാന്‍. തുടക്കം തൊട്ടുതന്നെ ആക്രമിച്ച് കളിച്ച ക്യാപ്റ്റന്‍ രോഹിത് തുടര്‍ന്നെത്തുന്ന താരങ്ങള്‍ക്ക് നിലയുറപ്പിച്ച് കളിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ഏകദിന ലോകകപ്പില്‍ ചെയ്‌തത്.
ടി20 ലോകകപ്പിലും താരത്തില്‍ നിന്നും ആ ആക്രമണോത്സുകത തന്നെയാണ് ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്. അഫ്‌ഗാനെതിരായ പരമ്പരയില്‍ ഇനി ഒരു മത്സരമാണ് ബാക്കിയുള്ളത്. ജനുവരി 17-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി നടക്കുക. ബാറ്റിങ് പറുദീസയായ ചിന്നസ്വാമിയില്‍ രോഹിത്തിന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് പിറക്കുമെന്ന് പ്രതീക്ഷിക്കാം.
ALSO READ:ഇത്തവണ ഇര നവീന്‍; റൗഫിനെതിരായ 'മാജിക് ഷോട്ട്' ആവര്‍ത്തിച്ച് വിരാട് കോലി