മുംബൈ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന്‍റെ (Pakistan Cricket Team) മോശം പ്രകടനത്തിന് കാരണം ബാബര്‍ അസം (Babar Azam) മാത്രമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര (Aakash Chopra). ലോകകപ്പില്‍ തുടര്‍ തോല്‍വികളില്‍ പാകിസ്ഥാന്‍ വലയുന്നതിനിടെ ക്യാപ്‌റ്റന്‍ ബാബര്‍ അസമിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് താരത്തിന് പിന്തുണയുമായി ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുന്നത്. ബാറ്ററെന്ന നിലയിലും ക്യാപ്‌റ്റനെന്ന നിലയിലും ബാബര്‍ മെച്ചപ്പെടേണ്ടതുണ്ടെങ്കിലും ലോകകപ്പില്‍ പാകിസ്ഥാന്‍റെ ഈ തോല്‍വികള്‍ക്കെല്ലാം കാരണം ബാബര്‍ ആണെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത് ദക്ഷിണാഫ്രിക്ക വലിയ സ്കോര്‍ അടിച്ചെടുക്കുകയാണെങ്കില്‍ പാകിസ്ഥാന്‍റെ അവസ്ഥ മോശമാകാനാണ് സാധ്യത. വ്യത്യസ്‌തമായൊരു അന്തരീക്ഷമാണ് അവിടെയുള്ളത്. ഈ സാഹചര്യത്തിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവരുടെ ടീമിനൊപ്പം തന്നെയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് അവിടെ നിന്നും പുറത്തുവരുന്നത്.
എന്നാല്‍, അവരുടെ പല പ്രസ്‌താവനകളും കാണുമ്പോള്‍ ബാബര്‍ അസമിനെ നായക സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ ലോകകപ്പിലെ മികച്ച ബാറ്ററോ ക്യാപ്‌റ്റനോ ബാബര്‍ ആണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. പക്ഷെ പാകിസ്ഥാന്‍ മത്സരങ്ങള്‍ തോല്‍ക്കുന്നതിന്‍റെ പ്രധാന കാരണം ബാബര്‍ ആണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല' - ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു (Aakash Chopra on Babar Azam).