മുംബൈ:ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super 4) ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നേരത്തെ തന്നെ ഫൈനലുറപ്പിച്ച ടീമാണ് ഇന്ത്യ (Indian Cricket Team). ആദ്യ കളിയില്‍ പാകിസ്ഥാനെ (India vs Pakistan Result) 228 റണ്‍സിനും രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയെ (India vs Srilanka Result) 41 റണ്‍സിനുമായിരുന്നു ടീം ഇന്ത്യ തറപറ്റിച്ചത്. ഈ രണ്ട് ജയങ്ങളിലും നിര്‍ണായക പ്രകടനം നടത്തിയത് ഇന്ത്യയുടെ ചൈനമാന്‍ കുല്‍ദീപ് യാദവായിരുന്നു (Kuldeep Yadav).
പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകളാണ് എറിഞ്ഞുവീഴ്‌ത്തിയത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒന്‍പത് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് തന്നെയാണ് ഈ ടൂര്‍ണമെന്‍റില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള താരവും. ഏഷ്യ കപ്പില്‍ മിന്നും പ്രകടനം തുടരുന്നതിനിടെ ഇപ്പോള്‍ കുല്‍ദീപ് യാദവിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ആകാശ് ചോപ്ര (Aakash Chopra On Kuldeep Yadav). നിലവില്‍ ലോകത്തെ ഏറ്റവും മികച്ച സ്‌പിന്നറാണ് കുല്‍ദീപ് യാദവെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
Also Read :Indian Players 5 wicket Haul Against Pakistan: സച്ചിന് ശേഷം ഇത് ആദ്യം...! കുല്‍ദീപ് യാദവിന് തകര്‍പ്പന്‍ റെക്കോഡ്
'ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവും മികച്ച സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ആണെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍റെ കണക്കുകള്‍ നോക്കുമ്പോള്‍ തന്നെ മനസിലാക്കാം, ക്രിക്കറ്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ് അവനെന്ന കാര്യം. ഏകദിന ക്രിക്കറ്റില്‍ തന്നെ 150 വിക്കറ്റ് കുല്‍ദീപ് യാദവിന്‍റെ അക്കൗണ്ടിലുണ്ട്.
ഏകദിന ക്രിക്കറ്റില്‍ 150 വിക്കറ്റുകള്‍ നേടുക എന്നത് അത്ര എളുപ്പമായ കാര്യമൊന്നുമല്ല. 85 ഇന്നിങ്‌സ് കളിച്ചാണ് കുല്‍ദീപ് 150 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയത്. നല്ല വഴക്കത്തോടെ പന്തെറിയുന്നതാണ് അവനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തനാക്കുന്നതും. ശ്രീലങ്കയുടെ അജന്ത മെന്‍ഡിസിനെയും അഫ്‌ഗാന്‍റെ റാഷിദ് ഖാനെയും മിസ്‌റ്ററി സ്‌പിന്നര്‍മാര്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍, അതുപോലെ നിഗൂഢതകള്‍ ഒന്നുമില്ലാത്ത ഒരു ബൗളറാണ് കുല്‍ദീപ്. സാധാരണ രീതിയില്‍ തന്നെ ലെഗ് സ്‌പിന്നും ഗൂഗ്ലിയും എറിഞ്ഞാണ് അവന്‍ ബാറ്റര്‍മാരെ കുടുക്കുന്നത്' യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് കുല്‍ദീപ് യാദവ് അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കായി അതിവേഗം 150 വിക്കറ്റ് നേട്ടം (Fastest 150 Wickets For a Indian Spinner in ODI) സ്വന്തമാക്കിയ ബൗളര്‍ എന്ന നേട്ടവും ഈ മത്സരത്തിലൂടെ കുല്‍ദീപ് യാദവ് കൈവരിച്ചിരുന്നു.
Also Read :Shreyas Iyer Injury: രണ്ടാഴ്‌ചയ്‌ക്കപ്പുറം ലോകകപ്പ്, ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസും നാലാം നമ്പറും ആശങ്ക