'കപ്പ് നേടാനല്ലെങ്കിൽ പിന്നെന്തിനാണ് ഞങ്ങൾ വന്നത്'. 1983 ലെ ക്രിക്കറ്റ് ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ നായകൻ തന്‍റെ മുറി ഇംഗ്ലീഷിൽ ഇത് പറഞ്ഞ് തീർത്തപ്പോൾ അന്ന് പത്ര സമ്മേളനത്തിനെത്തിയ വിദേശ റിപ്പോർട്ടർമാരുടെ ചുണ്ടുകളിൽ ഒരു പരിഹാസ പുഞ്ചിരി ഉയർന്നിരുന്നു. ഇന്ത്യക്ക് പോലും പ്രതീക്ഷയില്ലാതെ ഒന്ന്, രണ്ട് കളി കളിച്ച് ഇംഗ്ലണ്ടും ചുറ്റിക്കണ്ട് തിരിച്ച് വരും എന്ന് വിധിയെഴുതിയ ആ സംഘത്തിന്‍റെ തലവന്‍റെ അമിത ആത്മവിശ്വാസമായിട്ടേ അന്ന് അവർ ആ വാക്കുകളെ ശ്രവിച്ച് കാണുകയുള്ളൂ. എന്നാൽ ഒരു മാസത്തിന് ശേഷം അസാധ്യമെന്ന് കരുതിയിരുന്ന ലോക കിരീടത്തെ കൈകളിലേന്തിയുള്ള ആ യുവാവിന്‍റെ ചിരി ലോകത്തെയാകെ ഞെട്ടിച്ചു. അതെ കപിലിന്‍റെ ചെകുത്താൻമാർ 1983ൽ ഇന്ത്യക്കായി സ്വപ്‌ന കീരീടം നേടിയിട്ട് ജൂണ്‍ 25ന് 40 വർഷം തികയുന്നു.
1983 എന്ന വർഷം ഇന്ത്യയെ സംബന്ധിച്ച്, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് മറക്കാൻ സാധിക്കാത്ത ഒന്നാണ്. ഏകദിന ക്രിക്കറ്റിൽ വട്ട പൂജ്യമായിരുന്ന ഇന്ത്യ, എന്തിനോ വേണ്ടിയെന്നവണ്ണം ഒരു ടീമിനെ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കയച്ചു. അന്ന് വരെ ലോകകപ്പിൽ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചിരുന്നത് എന്നത് തന്നെയാണ് എന്തിനോ വേണ്ടിയെന്ന മനോഭാവത്തിന് കാരണം. അതും ക്രിക്കറ്റിലെ ഏറ്റവും ദുർബലരായ ഈസ്റ്റ് ആഫ്രിക്കക്കെതിരെ മാത്രം.
1975, 1979 ലോകകപ്പുകളിലെ അഞ്ച് മത്സരങ്ങളിൽ നാലിലും ഇന്ത്യ തോറ്റ് തുന്നംപാടി. അന്ന് ടെസ്റ്റ് പദവി പോലും ലഭിച്ചിട്ടില്ലാത്ത ശ്രീലങ്കയോട് പോലും ഇന്ത്യ നാണംകെട്ട് തോറ്റിരുന്നു. ഈയൊരു സാഹചര്യത്തിൽ 1983 ലെ ലോകകപ്പിലേക്ക് ടീമിനെ അയക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ആരാധകരും ഇത്തരമൊരു ട്വിസ്റ്റ് സ്വപ്‌നത്തിൽ പോലും ചിന്തിച്ച് കാണില്ല. ടെസ്റ്റിൽ സ്വന്തമായി പേരെടുത്ത ഇന്ത്യയുടെ ഏകദിനത്തിലേക്കുള്ള മാസ് വരവിനായിരുന്നു അത് തുടക്കമിട്ടത്.
കോച്ചില്ലാത്ത ടീം : തുച്ഛമായ തുക മാത്രമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ടീമിനായി ചെലവാക്കിയിരുന്നത്. കാരണം ഇന്ത്യൻ ടീമിന് അന്ന് സ്‌പോണ്‍സർമാരെ ലഭിച്ചിരുന്നില്ല. അന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട ടീമിനൊപ്പം പരിശീലകനോ, ഫിസിയോയോ ഇല്ലായിരുന്നു എന്ന് പറയുമ്പോൾ തന്നെ ഇന്ത്യൻ ടീമിൽ എത്രകണ്ട് പ്രതീക്ഷയർപ്പിച്ചിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ടീമിലെ സീനിയർ താരങ്ങൾ തന്നെയായിരുന്നു പ്ലേയിങ് ഇലവനും ബാറ്റിങ് ഓർഡറും എല്ലാം തീരുമാനിച്ചിരുന്നത്.
ചെകുത്താൻമാർ ഇവർ : കപിൽ ദേവ്, കെ ശ്രീകാന്ത്, ബൽവീന്ദർ സന്ധു, രവി ശാസ്‌ത്രി, സന്ദീപ് പാട്ടീൽ, റോജർ ബിന്നി, കീർത്തി പ്രസാദ്, സുനിൽ വൽസൻ, മദൻ ലാൽ, സുനിൽ ഗവാസ്‌കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, ദിലീപ് വെങ്‌സർക്കർ, മാൻ സിങ്, യശ്‌പാൽ ശർമ ഇവരായിരുന്നു ലോകകപ്പിനായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്.
അക്കാലത്ത് ഏകദിന മത്സരങ്ങൾ 60 ഓവർ വീതമായിരുന്നു. ഡബിൾ റൗണ്ട് റോബിൻ രീതിലാണ് അത്തവണ ലോകകപ്പ് നടത്തിയത്. എ ഗ്രൂപ്പിൽ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ശ്രീലങ്ക എന്നീ ടീമുകളും ബി ഗ്രൂപ്പിൽ വെസ്റ്റിൻഡീസ്, ഇന്ത്യ, ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നീ ടീമുകളും. ടീമുകൾ രണ്ടു തവണ പരസ്‌പരം കളിക്കും. കൂടുതൽ പോയിന്‍റ് കിട്ടുന്ന നാലു ടീമുകൾ സെമിയിൽ. സെമിയിൽ ജയിക്കുന്ന ടീമുകൾ ഫൈനലിൽ.