ബെംഗളൂരു : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ (പിങ്ക് ബോള്‍ ടെസ്റ്റ്) ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 86 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ മയാങ്ക് അഗർവാൾ (4), രോഹിത് ശർമ (15), ഹനുമ വിഹാരി (31), വിരാട് കോലി (23) എന്നിവരാണ് പുറത്തായത്.
ആദ്യ ദിനം ഒന്നാം സെഷൻ പൂർത്തിയാകുമ്പോൾ 29 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 93 റൺസെന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്ത് 16 റൺസോടെയും ശ്രേയസ് അയ്യർ ഒരു റണ്ണോടെയും ക്രീസിലുണ്ട്. ശ്രീലങ്കയ്ക്കായി ധനഞ്ജയ ഡിസിൽവ, ലസിത് എംബുൽദെനിയ, പ്രവീൺ ജയവിക്രമ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയന്ത് യാദവിന് പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു. ലങ്കന്‍ നിരയില്‍ പാതും നിസങ്കയ്‌ക്കും ലഹിരു കുമാരയ്‌ക്കും പകരം കുശാല്‍ മെന്‍ഡിസും പ്രവീണ്‍ ജയവിക്രമയും ഉള്‍പ്പെട്ടു.