ഓവൽ : ഇന്ത്യയോ ഓസ്‌ട്രേലിയയോ.. ലോക ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചാമ്പ്യൻമാർക്കായുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് മൂന്ന് മണി മുതലാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തമാക്കാനുറച്ച് ഇന്ത്യയെത്തുമ്പോൾ ആദ്യ ഫൈനലിൽ തന്നെ കപ്പുറപ്പിക്കാനാണ് ഓസ്‌ട്രേലിയയുടെ വരവ്. ജൂണ്‍ 7 മുതൽ 11 വരെ നീണ്ടുനിൽക്കുന്ന മത്സരത്തിൽ മഴ തടസപ്പെടുത്തിയാൽ ജൂണ്‍ 12ന് റിസർവ് ദിവസമായും നിശ്ചയിച്ചിട്ടുണ്ട്.
ഇന്ത്യക്ക് ചാമ്പ്യൻഷിപ്പിന്‍റെ പ്രഥമ പതിപ്പിൽ തന്നെ ഫൈനലിൽ എത്താൻ കഴിഞ്ഞിരുന്നുവെങ്കിലും ന്യൂസിലൻഡിനോട് പരാജയപ്പെടുകയായിരുന്നു. അന്ന് നഷ്‌ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാൻ ഉറച്ച് തന്നെയാകും ഇന്ത്യ ഓസീസിനെ നേരിടാനെത്തുക. അടുത്തിടെ ഇന്ത്യയിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയെന്ന ആത്മവിശ്വാസവും ടീമിന് കരുത്തു കൂട്ടും. എന്നാൽ ഇംഗ്ലണ്ടിലെ പിച്ചിൽ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് വിലയിരുത്തൽ.
പ്രതീക്ഷ ബാറ്റർമാരിൽ : രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന്‍റെ പ്രധാന കരുത്ത് ബാറ്റിങ് യൂണിറ്റ് തന്നെയാണ്. എന്നാൽ ഐപിഎല്ലിന് തൊട്ടുപിന്നാലെ നടക്കുന്ന ടൂർണമെന്‍റായതിനാൽ തന്നെ താരങ്ങൾക്ക് വേണ്ടത്ര ഒരുക്കം നടത്താനുള്ള സമയം ലഭിച്ചിട്ടില്ല. ഒരു സന്നാഹമത്സരം പോലും ഇന്ത്യക്ക് ഇംഗ്ലണ്ടിൽ കളിക്കാൻ സാധിച്ചില്ല. ടി20യിൽ നിന്ന് പെട്ടന്ന് ടെസ്റ്റിലേക്കുള്ള ചുവട് മാറ്റം ടീമിന്‍റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
ബാറ്റിങ്ങിൽ രോഹിത്തിനൊപ്പം മിന്നും ഫോമിലുള്ള ശുഭ്‌മാന്‍ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. വിരാട് കോലിയും ചേതേശ്വർ പുജാരയുമാണ് ഇന്ത്യൻ നിരയുടെ തുറുപ്പ് ചീട്ട്. ഇരുവരുടെയും ഫോമിനെ ആശ്രയിച്ചാകും ഇന്ത്യയുടെ മുന്നോട്ട് പോക്ക്. ശുഭ്‌മാൻ ഗില്ലിലും ടീം അർപ്പിക്കുന്ന പ്രതീക്ഷകൾ ചെറുതല്ല.
ബോളർമാർ ആരൊക്കെ : മറുവശത്ത് പേസർമാരെ തുണയ്‌ക്കുന്ന പിച്ചിൽ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. എന്നാൽ മികച്ച ഫോമിൽ പന്തെറിയുന്ന മുഹമ്മദ് ഷമിക്കും, മുഹമ്മദ് സിറാജിനും ഓസീസ് ബാറ്റിങ് നിരയെ വിറപ്പിക്കാൻ സാധിക്കും. മൂന്നാം പേസറായി ഉമേഷ് യാദവ്, ശാർദുൽ താക്കൂർ, ജയ്‌ദേവ് ഉദ്‌ഘട്ട് എന്നിവരിൽ ആരെ ഉൾപ്പെടുത്തും എന്ന കാര്യത്തിലും ടീമിനുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.