ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് കേസുകൾ ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഐപിഎല്ലിന്‍റെ 15-ാം സീസണ്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയെ കൂടാതെ ശ്രീലങ്കയേയും വേദിയായി ബിസിസിഐ പരിഗണിക്കുന്നുണ്ട്.
ഏപ്രിൽ ആദ്യ വാരത്തോടെ രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ കാര്യമായ മാറ്റമുണ്ടായില്ലെങ്കിൽ ഐപിഎൽ വീണ്ടും കടൽ കടക്കുമെന്നാണ് വിവരം. 2009ൽ ഇന്ത്യയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിനെത്തുടർന്ന് ആ സീസണ്‍ ഐപിഎൽ ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്. അതിനാലാണ് ദക്ഷിണാഫ്രിക്കയെ പ്രധാനമായും ബിസിസിഐ പരിഗണിക്കുന്നത്.
കൂടാതെ ടെസ്റ്റ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ ഒരുക്കിയ ക്രമീകരണങ്ങളിൽ ബിസിസിഐ ഏറെ തൃപ്‌തരാണ്. അതും ഐപിഎൽ വേദിയായി ദക്ഷിണാഫ്രിക്കയെ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണമാണെന്നാണ് റിപ്പോർട്ടുകൾ.