ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന ഐസിസി ടി 20 ലോക കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ ആവർത്തിക്കുമെന്ന് പാക് പേസർ ഹസൻ അലി.
''2017ൽ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ , ഞങ്ങൾക്ക് അത് വളരെ നല്ല സമയമായിരുന്നു, ടി20 ലോക കപ്പിൽ അവരെ വീണ്ടും തോൽപ്പിക്കാൻ ശ്രമിക്കും. മത്സരത്തില്‍ ഞങ്ങളുടെ മികച്ചത് നല്‍കും. ഇരു രാജ്യത്ത് നിന്നുമുള്ള ആരാധകരുടെ പ്രതീക്ഷകള്‍ മൂലം ഇന്ത്യയ്‌ക്കെതിരെ കളിക്കുകയെന്നത് എല്ലായെപ്പോഴും വളരെയധികം സമ്മര്‍ദമേറിയ കാര്യമാണ്.
ഏത് വിധേനയും മത്സരം വിജയിക്കാൻ ഞങ്ങൾ ശ്രമിക്കും. യുഎഇയിലെ പിച്ച് സ്‌പിന്നിനെ പിന്തുണയ്‌ക്കുന്നതാണ്. എന്നാൽ വ്യത്യാസങ്ങളോടെ പന്തെറിയുന്ന ഒരു ഫാസ്റ്റ് ബൗളർ എപ്പോഴും ഫലപ്രദമാവുകയും ചെയ്യും'' ഹസൻ അലി പറഞ്ഞു.
2017ൽ ലണ്ടനിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാൻ കിരീടം നേടിയിരുന്നു. അന്ന് ടൂര്‍ണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരന്‍ കൂടിയാണ് ഹസന്‍ അലി. എന്നാല്‍ തുടര്‍ന്ന് നടന്ന 2018ലെ ഏഷ്യാ കപ്പിലും 2019ലെ ലോകകപ്പിലും പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു.
also read: ഡ്യൂറൻഡ് കപ്പ് : മൂന്ന് താരങ്ങൾക്ക് ചുവപ്പുകാർഡ്, ബെംഗളൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തോൽവി
അതേസമയം ലോക കപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാന് ഇതേവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.
ഒക്ടോബര്‍ 17 മുതല്‍ക്ക് നവംബര്‍ 14 വരെ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലായാണ് ടി20 ലോക കപ്പ് നടക്കുക. ഒക്ടോബർ 24നാണ് ഇന്ത്യ- പാക് മത്സരം. ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമായ മത്സരം ദുബായിലാണ് നടക്കുക.