ഹൈദരാബാദ് : വീണ്ടുമൊരു ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ഉണരുകയാണ് ക്രിക്കറ്റ് ലോകം. 2007ല്‍ അരങ്ങേറിയ പ്രഥമ പതിപ്പില്‍ തന്നെ കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാരാവാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. സെപ്‌റ്റംബര്‍ 24ന് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ അന്ന് കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ ഈ നേട്ടത്തിന് ഇന്ന് 15 വയസ് പൂര്‍ത്തിയാവുകയാണ്.
എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവ സംഘത്തിന് അന്ന് കാര്യമായ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ലെന്നതാണ് വാസ്‌തവം. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങി നിരവധി പ്രമുഖരില്ലാതെയാണ് ഇന്ത്യ അന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. എന്നാല്‍ വമ്പന്‍ എതിരാളികളെയെല്ലാം കടപുഴക്കിയുള്ള സംഘത്തിന്‍റെ വിജയം ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഗതി മാറ്റിയ പ്രധാന നേട്ടങ്ങളില്‍ ഒന്നായി മാറുകയും ചെയ്‌തു.
ചരിത്രം മറക്കാത്ത ബോള്‍ഔട്ട് വിജയം : ചിരവൈരികളായ പാകിസ്ഥാനെതിരായ വിജയത്തിലൂടെയാണ് ഇന്ത്യ ടൂര്‍ണമെന്‍റ് ആരംഭിച്ചത്. സമനിലയിലായ മത്സരത്തില്‍ ബോൾഔട്ടിലൂടെയായിരുന്നു വിജയിയെ നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്.
ഗൗതം ഗംഭീർ, വിരേന്ദർ സെവാഗ്, യുവരാജ് സിങ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്‌ത്തി മുഹമ്മദ് ആസിഫാണ് ഇന്ത്യയ്‌ക്ക് നാശം വിതച്ചത്. തുടര്‍ന്നെത്തിയ റോബിൻ ഉത്തപ്പയുടെ നിശ്ചയദാർഢ്യത്തോടെയുള്ള അർധസെഞ്ച്വറിയും ധോണിയുടെയും ഇർഫാൻ പഠാന്‍റെയും മികച്ച പ്രകടനവുമാണ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്.
മറുപടിക്കിറങ്ങിയ പാകിസ്ഥാനും നിശ്ചിത ഓവറില്‍ എത്തിപ്പിടിക്കാനായത് 141 റണ്‍സ്. ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ മിസ്‌ബാ ഉള്‍ ഹഖ് റണ്‍ ഔട്ട് ആയതാണ് പാക് വിജയത്തിന് തിരിച്ചടിയായത്. തുടര്‍ന്ന് ബോള്‍ ഔട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യയ്‌ക്കായി പന്തെടുത്ത സെവാഗ്, ഹര്‍ഭജന്‍, ഉത്തപ്പ എന്നിവര്‍ ബെയ്‌ല്‍സ് ഇളക്കി. പാക് താരങ്ങള്‍ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ടു. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏക ബോള്‍ ഓട്ട് ആണിത്.
ബ്രോഡിനെ നാണം കെടുത്തി യുവിയുടെ ആറാട്ട്: ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ യുവരാജ് സിങ് ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയത് ക്രിക്കറ്റ് ലോകത്തിന് മറക്കാന്‍ കഴിയാത്ത ഒന്നാണ്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവർട്ട് ബ്രോഡിനെയാണ് അന്ന് യുവി തല്ലിച്ചതച്ചത്. ഡര്‍ബനിലെ കിങ്സ്മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം നടന്നത്.