ന്യൂഡല്‍ഹി : 14 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പത്തൊന്‍പതാം വയസില്‍ ആദ്യമായി ഇന്ത്യന്‍ പാഡണിഞ്ഞ വിരാട് ഒരു ദശാബ്‌ദം നീണ്ട കരിയറില്‍ ലോകക്രിക്കറ്റിലെ മഹാന്മാരുടെ പട്ടികയിലും സ്ഥാനം പിടിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തന്‍റെ അരങ്ങേറ്റത്തിന്‍റെ ഓര്‍മ പുതുക്കി കരിയറിലെ ഏറ്റവും മികച്ച ചില ചിത്രങ്ങളടങ്ങിയ വീഡിയോ ദൃശ്യമാണ് താരം ആരാധകരുമായി പങ്കിട്ടത്.
'14 വര്‍ഷം മുന്‍പ് ഇതെല്ലാം ആരംഭിച്ചു, ഇത് ഒരു ബഹുമതിയാണ്' എന്ന അടിക്കുറിപ്പോടെയാണ് വിരാട് വീഡിയോ പോസ്‌റ്റ് ചെയ്‌തത്. തരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു.
2008 ഓഗസ്റ്റ് 18-ന് ധാംബുള്ളയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു വിരാട് കോലിയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ ഗൗതം ഗംഭീറിന് ഓപ്പണിങ് പങ്കാളിയായെത്തി. മത്സരത്തില്‍ 33 മിനിട്ട് ക്രീസില്‍ ചിലവിട്ട വിരാട് 22 പന്തില്‍ 12 റണ്‍സ് നേടി മടങ്ങുകയായിരുന്നു.
നുവാന്‍ കുലശേഖരയാണ് ആദ്യ മത്സരത്തില്‍ വിരാടിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. തോല്‍വിയോടെ കരിയര്‍ ആരംഭിച്ച വിരാട് കോലിയുടെ പേരാണ് പിന്നീട് ലോക ക്രിക്കറ്റില്‍ മുഴങ്ങിക്കേട്ടത്. തന്‍റെ അക്രമണോത്സുകതയും തുടക്കത്തിലെ കളിക്കളത്തിലെ പെരുമാറ്റവും യുവതാരത്തെ വിവാദങ്ങളിലും പെടുത്തി.
കരിയറിന്‍റെ തുടക്കം മുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ കോലി ആദ്യ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ തന്‍റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് അത് വളരെ വേഗത്തില്‍ തിരുത്തിയിരുന്നു. കളിക്കളത്തിലെ പെരുമാറ്റം മുതല്‍ വ്യായാമ ശീലങ്ങളിലും താരം മാറ്റം വരുത്തി. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് പകരക്കാരനില്ലാത്ത വിരാട് കോലിയുടെ പ്രയാണം.
റണ്‍സ് അടിച്ചുകൂട്ടുന്ന വിരാട് കോലി പലര്‍ക്കും അത്‌ഭുതമായി. സമകാലിക ക്രിക്കറ്റില്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ എതിരാളികള്‍ ഭയന്നു. പല ഇതിഹാസ താരങ്ങളും അദ്ദേഹത്തെ വാഴ്‌ത്തിപ്പാടി.
പല റെക്കോര്‍ഡുകളും പഴങ്കഥയാക്കിയായിരുന്നു വിരാടിന്‍റെ യാത്ര. റണ്‍ മെഷീന്‍, ചേസ് മാസ്‌റ്റര്‍ തുടങ്ങി നിരവധി പേരുകളും അയാള്‍ക്ക് ക്രിക്കറ്റ് ലോകം ചാര്‍ത്തി നല്‍കി. ആദ്യ ശതകത്തിനായി 14 മത്സരം കാത്തിരിക്കേണ്ടി വന്ന കോലി തുടര്‍ന്ന് ഒരു ദശാബ്‌ദത്തില്‍ അടിച്ചെടുത്തത് 42 സെഞ്ച്വറികള്‍.