ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്‍റണിലെ മുന്‍നിര താരങ്ങളായ സൈന നെഹ്‌വാളിന്‍റേയും കിഡംബി ശ്രീകാന്തിന്‍റെയും ഒളിമ്പിക് മോഹങ്ങള്‍ക്ക് തിരിച്ചടി. കൊവിഡ് സാഹചര്യം മോശമായതിനെ തുടര്‍ന്ന് സിങ്കപ്പൂര്‍ ഓപ്പണ്‍ റദ്ദാക്കിയതായി ബാഡ്മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചു.
പങ്കെടുക്കുന്ന എല്ലാവർക്കും സുരക്ഷ ഉറപ്പുവരുത്തി ടൂർണമെന്‍റ് നടത്താന്‍ എല്ലാ ശ്രമങ്ങളും സംഘാടകരായ സിങ്കപ്പൂര്‍ ബാഡ്മിന്‍റൺ അസോസിയേഷനും (എസ്‌ബിഎ) ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷ(ബിഡബ്ല്യുഎഫ്)നും നടത്തിയിരുന്നുവെങ്കിലും ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് ഭീഷണയെത്തുടര്‍ന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് പ്രസ്താവനയില്‍ സംഘാടകര്‍ വ്യക്തമാക്കി.
ജൂൺ 15ന് അവസാനിക്കുന്ന ഒളിമ്പിക് യോഗ്യത കലണ്ടറിലെ അവസാന ടൂർണമെന്‍റായിരുന്നു സിങ്കപ്പൂര്‍ ഓപ്പണ്‍. മലേഷ്യൻ ഓപ്പണിൽ നിന്നും ഇന്ത്യൻ ബാഡ്മിന്‍റൺ ടീം പിന്മാറിയതോടെ താരങ്ങളുടെ അവസാന പ്രതീക്ഷയായിരുന്നു ഈ ടൂര്‍ണമെന്‍റ്. അതേസമയം ടൂര്‍ണമെന്‍റ് പുനഃക്രമീകരിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും ടോക്കിയോ ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടുന്നതിനെക്കുറിച്ച് ബിഡബ്ല്യുഎഫ് കൂടുതൽ പ്രസ്താവന ഇറക്കുമെന്ന അറിയിപ്പ് താരങ്ങള്‍ക്ക് ചെറിയ പ്രതീക്ഷ നല്‍കുന്നതാണ്.
also read: മലേഷ്യൻ ഓപ്പണിൽ നിന്നും ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ടീം പിന്മാറി; ഒളിമ്പിക് മോഹങ്ങള്‍ക്ക് മങ്ങല്‍
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മലേഷ്യൻ സർക്കാർ താൽക്കാലിക യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് മലേഷ്യന്‍ ഓപ്പണില്‍ നിന്നും ഇന്ത്യ പിന്മാറിയത്. 'ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം വഴി മലേഷ്യൻ അധികൃതരെ സമീപിച്ചിരുന്നു, എന്നാൽ ഇന്ത്യയില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് മലേഷ്യൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മിഷനെ അറിയിക്കുകയായിരുന്നു.