ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് വിഭാഗത്തിൽ സെമിഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു. സൗത്ത് കൊറിയയുടെ സിം യുജിനെ 2-1 നാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 14-21, 21-19, 21-14.
ഒരു മണിക്കൂർ ആറ് മിനിട്ട് നീണ്ടുനിന്ന കനത്ത പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്‍റെ വിജയം. ആദ്യ ഗെയിം കൊറിയൻ താരം അനായാസം സ്വന്തമാക്കിയെങ്കിലും തുടർന്നുള്ള ഗെയിമുകളിൽ സിന്ധു തിരിച്ചടിക്കുകയായിരുന്നു. അവസാന ഗെയിം 11-11ന് തുല്യമായി നിന്നശേഷം അവിശ്വസനീയ തിരിച്ചുവരവിലൂടെയാണ് സിന്ധു ഗെയിമും മത്സരവും സ്വന്തമാക്കിയത്.