കേരളം

kerala

ETV Bharat / sports

ഓര്‍മയില്ലേ, ശ്വാസം നിലച്ചു പോയ ആ ഫൈനല്‍ - p v sindhu

2017ലെ തോല്‍വിക്ക് പകരം വീട്ടിയ ജയം. ഇതോടെ ഇരുവരും പരസ്പരം ഏറ്റുമുട്ടിയ 16 മത്സരങ്ങളില്‍ ഒമ്പതിലും സിന്ധു ജയിച്ചു.

ഇന്ത്യയുടെ സിന്ദൂര തിലകം

By

Published : Aug 25, 2019, 8:50 PM IST

Updated : Aug 25, 2019, 9:01 PM IST

ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ പി വി സിന്ധു ആകാശത്തേക്ക് റാക്കറ്റുയര്‍ത്തി. മൂവര്‍ണക്കൊടി ഉയര്‍ന്നു. ലോക ബാഡ്‌മിന്‍റണില്‍ ഇന്ത്യയ്ക്കായി കിരീടം നേടി ഇന്ത്യയുടെ സിന്ദൂര തിലകമായി പിവി സിന്ധു മാറി. എന്നാല്‍ ഈ ജയത്തിന് വലിയ പരാജയത്തിന്‍റെ കഥ കൂടി പറയാനുണ്ട്. ഓര്‍മയില്ലേ, വീരേന്ദര്‍ സേവാഗ് പറഞ്ഞപോലെ ശ്വാസം നിലച്ചു പോയ ആ ഫൈനല്‍. 2017ല്‍ കണ്ണീരോടെ കോര്‍ട്ടില്‍ നിന്നും മടങ്ങിയ സിന്ധു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലോക നാലാം റാങ്കുകാരി ഒക്കുഹാരയെ പരാജയപ്പെടുത്തുമ്പോള്‍ സങ്കടക്കണ്ണീര്‍ ആനന്ദക്കണ്ണീരായി മാറി.

ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരത്തിനാണ് അന്നത്തെ ലോകചാമ്പ്യന്‍ഷിപ്പ് സാക്ഷിയായത്. 110 മിനിറ്റ് നീണ്ടു നിന്ന 2017ലെ ഫൈനല്‍. വൈകിട്ട് 7.29ന് ആരംഭിച്ച മത്സരം 9.18നാണ് അവസാനിച്ചത്. ആദ്യ ഗെയിം പൂര്‍ത്തിയാകാന്‍ തന്നെ 25 മനിറ്റ് എടുത്തു. 19-21, 22-20, 20-22 എന്ന സ്കോറില്‍ പരാജയം സമ്മതിക്കുമ്പോള്‍ സിന്ധു മനസില്‍ കുറിച്ചിട്ടതാകണം ഇങ്ങനെയൊരു ജയം. കഴിഞ്ഞ വര്‍ഷം അതിന് പകരം വീട്ടുമെന്ന് കരുതിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇക്കുറി അത് സംഭവിച്ചില്ല. ആദ്യ ഗെയിമില്‍ ആധിപത്യം ഉറപ്പിച്ച സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചാണ് പകരം വീട്ടിയത്. 38 മിനിറ്റുകള്‍ക്ക് എതിരാളിയെ കീഴടക്കാന്‍ കഴിഞ്ഞു ഇന്ത്യന്‍ താരത്തിന്.

ഇതോടെ ഇരുവരും പരസ്പരം ഏറ്റുമുട്ടിയ 16 മത്സരങ്ങളില്‍ ഒമ്പതിലും സിന്ധു ജയിച്ചു. ഏഴെണ്ണത്തില്‍ ഒക്കുഹാരയും. 2017ലെ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിലും 2018ലെ തായ്‌ലന്‍ഡ് ഓപ്പണ്‍ ഫൈനലിലും ഒകുഹാര ജയിച്ചു. 2017ലെ കൊറിയ ഓപ്പണ്‍, 2018ലെ ലോക ടൂര്‍ ഫൈനല്‍സും സിന്ധു നേടി.

2017ല്‍ ആദ്യ ഗെയിമില്‍ ലീഡ് നേടിയപ്പോള്‍ ഇന്ത്യയുടെ മുഴുവന്‍ കണ്ണുകളും സിന്ധുവിലായിരുന്നു. അക്ഷമയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു പിന്നീട്. ട്രയല്‍ വഴങ്ങിയും ലീഡ് നേടിയും പൊരുതി കയറിയ സിന്ധുവിനെ വലിയ താമസമില്ലാതെ ഒക്കു ഹാര പിടിച്ചു നിര്‍ത്തി. 19-21ന് സിന്ധു കീഴടങ്ങേണ്ടി വന്നു. എന്നാല്‍ ഇത്തവണ ആദ്യം മുതല്‍ തന്നെ ആധിപത്യമുറപ്പിച്ചായിരുന്നു സിന്ധുവിന്‍റെ ഓരോ നീക്കങ്ങളും. സമ്മര്‍ദത്തിലാക്കുന്ന പ്രകടനം കണ്ട് ഒക്കുഹാര പകച്ചു പോയി. ഒക്കുഹാര തെറ്റുകള്‍ ആവര്‍ത്തിക്കുക കൂടി ചെയ്തതോടെ ജപ്പാനില്‍ നിന്ന് കിരീടം ഇന്ത്യയിലേക്ക്. പ്രധാന ടൂര്‍ണമെന്‍റുകളുടെ ഫൈനലിലെത്തുമ്പോഴും അവസാന ലാപ്പില്‍ കാലിടറുന്നുവെന്ന പഴി ഇനി സിന്ധുവിന് കേള്‍ക്കേണ്ടി വരില്ല.

Last Updated : Aug 25, 2019, 9:01 PM IST

ABOUT THE AUTHOR

...view details