ടോക്കിയോ: ഒളിമ്പിക്സിലെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ബാഡ്മിന്‍റൺ ദേശീയ പരിശീലകൻ പുല്ലേല ഗോപിചന്ദിൽ നിന്നും അഭിനന്ദന സന്ദേശം ലഭിച്ചതായി പിവി സിന്ധു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. എന്നാല്‍ സീനിയർ ഷട്ട്ലർ സൈന നെഹ്വാളിൽ നിന്നും ഇതേവരെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും സിന്ധു പറഞ്ഞു.
ഗോപിചന്ദും സൈനയും അഭിനന്ദിച്ചോവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. 'ഗോപി സാര്‍ എന്നെ അഭിനന്ദനമറിയിച്ചു. സൈന ഇല്ല. ഞങ്ങള്‍ അധികം സംസാരിക്കാറില്ല. അത്രയേയുള്ളൂ. സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ കണ്ടിട്ടിട്ടില്ല. പതുക്കെയാണ് ഞാൻ എല്ലാവര്‍ക്കും മറുപടി നല്‍കുന്നത്' താരം പറഞ്ഞു.
also read: ആർക്കും കഴിയും ഇങ്ങനെ... ബർഷിമും ടാംബേരിയും പങ്കുവെച്ചത് സ്വർണമല്ല, ഹൃദയമാണ്.. നിറയെ സ്നേഹം, സൗഹൃദം...
ഇന്നലെ നടന്ന വനിതകളുടെ സിംഗിള്‍സ് പോരാട്ടത്തില്‍ ചൈനയുടെ ഹിബിങ് ജിയാവോയെ തകര്‍ത്താണ് സിന്ധു തന്‍റെ രണ്ടാം ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയത്. 21-13, 21-15 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്‍റെ വിജയം. 2016ലെ റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ സിന്ധു തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും സ്വന്തം പേരിലാക്കി.
കഴിഞ്ഞ വര്‍ഷം കൊവിഡിനിടെ പരിശീലനത്തിനായി മൂന്ന് മാസത്തേക്ക് ലണ്ടനിലേക്ക് പോയ സിന്ധുവും ഗോപിചന്ദും തമ്മിൽ വിള്ളലുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ തിരിച്ചത്തിയ താരം ഗോപീ ചന്ദിന്‍റെ അക്കാദമിയില്‍ പര്യടനത്തിനെത്തിയിരുന്നു.