മലേഷ്യ : ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ നേട്ടത്തിന് പിന്നാലെ റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കി ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത്. അന്താരാഷ്‌ട്ര ബാഡ്മിന്‍റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട പുരുഷ താരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തേക്കാണ് താരം മുന്നേറിയത്.
69158 പോയിന്‍റോടെ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ശ്രീകാന്ത് ആദ്യ പത്തിലെത്തിയത്. 116779 പോയിന്‍റുമായി ഡെൻമാർക്കിന്‍റെ വിക്‌ടർ അക്‌സൽസെൻ ആണ് ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമാണ് മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ ശ്രീകാന്ത്.
അതേസമയം ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്നും റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. സെൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം റാങ്കിലേക്കെത്തി. മറ്റൊരു ഇന്ത്യൻ താരം സായ് പ്രണീത് 18-ാം സ്ഥാനത്താണ്.
ALSO READ:BWF WORLD CHAMPIONSHIP : കിഡംബി ശ്രീകാന്തിന് വെള്ളി ; ചരിത്ര നേട്ടം
ഫൈനലിൽ സിംഗപ്പൂരിന്‍റെ ലോ കെന്‍ യൂവിനോട് തോൽവി വഴങ്ങിയെങ്കിലും ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ ശ്രീകാന്തിനായി. ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി. സ്കോര്‍: 15-21, 20-22.