ഹെെദരാബാദ്: ലോക ഒന്നാം നമ്പര്‍ ബാഡ്‌മിന്‍റണ്‍ താരം കരോളിന മാരിന്‍റെ ഒളിമ്പിക് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇടത് കാൽമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഈ ആഴ്ച അവസാനം ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു. ഇതിന്‍റെ ഫലമായി ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനും 27 കാരിക്ക് കഴിയില്ല.
മെഡിക്കല്‍ സംഘത്തിന്‍റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഇടത് കാല്‍ മുട്ടിന് ശസ്ത്രക്രിയ നിര്‍ദേശിച്ചതെന്ന് കരോളിന അറിയിച്ചു. ഈ ആഴ്ചയില്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാവുമെന്നും താരം വ്യക്തമാക്കി. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നു. ഇത് തനിക്ക് നേരിടേണ്ട മറ്റൊരു തിരിച്ചടിയാണ്, വെെകാതെ തന്നെ മടങ്ങിവയെത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
also read: കായിക താരങ്ങളുടെ ആദ്യ സംഘം ജപ്പാനില്‍; ഒളിമ്പിക് പ്രതീക്ഷകള്‍ സജീവം
കഴിഞ്ഞ വെള്ളിയാഴ്ച പരിശീലനത്തിനിടെയാണ് മാരിന്‍റെ ഇടതു കാൽ മുട്ടിന് പരിക്കേറ്റത്. ഇക്കാരണത്താല്‍ പരിശീലനം നിര്‍ത്തി വെച്ചതായും താരം വ്യക്തമാക്കി. 2016ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തി താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. കൂടാതെ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടവും അഞ്ച് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവും സ്പാനിഷ് താരം സ്വന്തമാക്കിയിട്ടുണ്ട്.
ജൂലെെ 23 മുതല്‍ ആഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഒളിമ്പിക്സ് നടക്കുക. അതേസമയം ഒളിമ്പിക് കലണ്ടറിന്‍റെ ഭാഗമായി ഇനി യോഗ്യത മത്സരങ്ങളുണ്ടാവില്ലെന്ന് ബാഡ്മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാള്‍, കിഡംബി ശ്രീകാന്ത്എന്നിവര്‍ക്ക് ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവില്ലെന്ന് ഉറപ്പായി.