ഹ്യുഎൽവ:ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകളുറപ്പിച്ച് ഇന്ത്യ. പുരുഷൻമാരുടെ സിംഗിൾസിൽ കിഡംബി ശ്രീകാന്തും, ലക്ഷ്യ സെന്നുമാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. അതേസമയം ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാർട്ടറിൽ ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോട് തോൽവി വഴങ്ങി പുറത്തായി.
നെതർലൻഡിന്‍റെ മാർക്ക് കാൾജോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കിഡംബി ശ്രീകാന്ത് സെമിയിൽ പ്രവേശിച്ചത്. എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ശ്രീകാന്തിന്‍റേത്. ഒരു ഘട്ടത്തിൽ പോലും എതിരാളിയെ മുന്നേറാൻ ശ്രീകാന്ത് അനുവദിച്ചില്ല. 21-8, 21-7 എന്ന സ്കോറിനായിരുന്നു താരത്തിന്‍റെ വിജയം.
ചൈനീസ് താരം സോ ജുൻ പെങ്ങിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ സെമിയിലേക്ക് മുന്നേറിയത്. മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ 2-1 നാണ് ഇന്ത്യൻ താരം വിജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം സെൻ സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിം നേടി ചൈനീസ് താരം മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ വാശിയേറിയ മൂന്നാം ഗെയിം സ്വന്തമാക്കി സെൻ വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്കോർ 21-15, 15-21, 22-20.
ALSO READ:BWF WORLD CHAMPIONSHIP: തായ് സു യിങ്ങിനെ മറികടക്കാനാകാതെ സിന്ധു; തോൽവിയോടെ പുറത്ത്
അതേസമയം വനിതകളുടെ സിംഗിൾസ് ക്വാർട്ടറിൽ ചൈനീസ് തായ്‌പോയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി വഴങ്ങിയാണ് സിന്ധു പുറത്തായത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും സിന്ധുവിനെ മുന്നേറാൻ തായ്‌പേയ് താരം അനുവദിച്ചില്ല. തായ് സു യിങ്ങിനോടായി വിവിധ ടൂർണമെന്‍റുകളിൽ സിന്ധു നേരിടുന്ന തുടർച്ചയായ അഞ്ചാമത്തെ പരാജയമാണിത്. സ്കോർ 17-21, 13-21.