ന്യൂഡല്‍ഹി: ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീട പ്രതീക്ഷയില്‍ ഇന്ത്യയുടെ പിവി സിന്ധു. സ്‌പെയിനിൽ ഞായറാഴ്‌ചയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക. ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ വെള്ളിമെഡല്‍ നേടിയ സിന്ധു ഫ്രഞ്ച് ഓപ്പൺ, ഇന്തോനേഷ്യ മാസ്റ്റേഴ്സ്, ഇന്തോനേഷ്യ ഓപ്പൺ എന്നിങ്ങനെ തുടർച്ചയായ മൂന്ന് ചാമ്പ്യന്‍ഷിപ്പുകളില്‍ സെമിയിലെത്തി മിന്നുന്ന ഫോമിലാണുള്ളത്.
ഇതോടെ 2019ല്‍ സ്വിറ്റ്‌സര്‍ലന്‍റിലെ ബേസലില്‍ നേടിയ വിശ്വ കിരീടം വീണ്ടും ഉയര്‍ത്താന്‍ താരത്തിനാവുമെന്നാണ് വിലയിരുത്തല്‍. മുഴുവന്‍ ഇന്ത്യോനേഷ്യന്‍ താരങ്ങള്‍ പിന്‍വാങ്ങിയതും മൂന്ന് തവണ ചാമ്പ്യനായ കരോലിന മാരിനും, 2017 ലെ ജേതാവ് നൊസോമി ഒകുഹാരയും പിന്മാറിയതും വനിതാ വിഭാഗം മത്സരങ്ങളുടെ മാറ്റ് കുറച്ചിട്ടുണ്ട്.
കാര്യങ്ങള്‍ അത്ര എളുപ്പമല്ല
കിരീടം നിലനിര്‍ത്തുകയെന്നത് സിന്ധുവിന് എളുപ്പമാകില്ല. കാരണം തായ്‌ലന്‍ഡിന്‍റെ പോൺപാവീ ചോച്ചുവോങ് (ഒമ്പതാം സീഡ്) , ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ് ( ടോപ്പ് സീഡ്), ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ് തുടങ്ങിയവരാണ് ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് എതിരാളികള്‍.