പ്രഥമ പ്രോ വോളിബോൾ ലീഗിന്‍റെ ഫൈനലില്‍ കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാർട്ടൺസും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ചെന്നൈ സ്പാർട്ടൺസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. ആദ്യ സെമിയില്‍ യു മുംബ വോളിയെ കീഴടക്കിയാണ് കാലിക്കറ്റ് ഹീറോസ് ഫൈനലില്‍ കടന്നത്.
പ്രോ വോളീബോൾ ലീഗില്‍ ചെന്നൈ-കാലിക്കറ്റ് ഫൈനല്‍ - പ്രോ വോളീബോൾ ലീഗ്
കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് ചെന്നൈ ഫൈനലില്‍ പ്രവേശിച്ചത്. കാലിക്കറ്റ് ഹീറോസ് - ചെന്നൈ സ്പാർട്ടൺസ് കലാശപ്പോര് നാളെ ചെന്നൈയില്‍.
ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ചെന്നൈ വിജയിച്ചത്. 16-14, 9-15, 10-15, 15-8, 15-13 എന്ന സ്കോറിനാണ് ചെന്നൈ കൊച്ചിയെ കീഴടക്കിയത്. ഇരു ടീമുകളും തമ്മില്‍ വാശിയേറിയ പോരാട്ടത്തിനാണ് ചെന്നൈ വേദിയായത്. ആദ്യ സെറ്റ് സ്പാർട്ടൺസ് നേടിയപ്പോൾ രണ്ടും മൂന്നും സെറ്റുകളില്‍ അവർപതറി. എന്നാല്‍ നാലാമത്തെയും അഞ്ചാമത്തെയും സെറ്റുകൾ ചെന്നൈ അനായാസമായി സ്വന്തമാക്കുകയായിരുന്നു. 17 പോയിന്‍റ് നേടിയ റസ്ലാന്‍ സൊറോക്കിന്‍സ് ആണ് കളിയിലെ താരം.
നാളെ നടക്കുന്ന ഫൈനലില്‍ കാലിക്കറ്റിനെ കീഴടക്കുക എന്നത് ചെന്നൈക്ക് എളുപ്പമാകില്ല. ലീഗിലെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെയാണ് കാലിക്കറ്റ് ഹീറോസ് ഫൈനല്‍ വരെയെത്തിയത്. എന്നാല്‍ സ്പാർട്ടൺസ് അട്ടിമറിക്കാൻ കഴിവുള്ളവരാണ് എന്ന് ഇന്നലെ തെളിയിച്ചതോടെ നാളത്തെ പോരാട്ടം കാണികൾക്ക് ആവേശകരമാകും.