പ്രഥമ പ്രോ വോളിബോൾ ലീഗിന്‍റെ ഫൈനലില്‍ ഇന്ന് കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാർട്ടൺസും ഏറ്റുമുട്ടും. ചെന്നൈ ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം.
പ്രോ വോളിയുടെ കന്നി സീസണില്‍ തകർപ്പൻ പ്രകടനമാണ് കേരളത്തിന്‍റെ കാലിക്കറ്റ് ഹീറോസ് കാഴ്ചവച്ചത്. ലീഗിലെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതിരുന്ന കാലിക്കറ്റ് സെമിയില്‍ യു മുംബ വോളിയെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. പുതുക്കോട്ടക്കാരൻ ജെറോം വിനീത് നയിക്കുന്ന ആക്രമണനിരയാണ് ടീമിന്‍റെ കരുത്ത്. അജിത്ത് ലാല്‍, കാർത്തിക്, പ്രതിരോധ താരം ഇല്ലാനി എന്നിവരും മികച്ച പ്രകടനമാണ് ആദ്യ സീസണില്‍ പുറത്തെടുത്തത്.
അതേസമയം സെമിയില്‍കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചാണ് ചെന്നൈ സ്പാർട്ടൺസ് ഫൈനലില്‍ കടന്നത്. ബ്ലൂ സ്പൈക്കേഴ്സ് കലാശപ്പോരിന് യോഗ്യത നേടുമെന്ന് കരുതിയിരുന്നുവെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചെന്നൈ വിജയിക്കുകയായിരുന്നു. ടൂർണമെന്‍റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സ്പൈക്ക് പോയിന്‍റുകൾ നേടിയ റൂഡി വെറോഫാണ് ചെന്നൈയുടെ തുറുപ്പ് ചീട്ട്.
ഫൈനലില്‍ കാലിക്കറ്റിനെ ഏകപക്ഷീയമായി കീഴടക്കുക എന്നത് ചെന്നൈ സ്പാർട്ടൺസിന് എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും സ്പാർട്ടൺസ് അട്ടിമറിക്ക്കഴിവുള്ളവരാണെന്ന്സെമിയില്‍ തെളിയിച്ചതോടെ ഇന്നത്തെ മത്സരത്തില്‍ തീപാറുമെന്നത് ഉറപ്പാണ്. പ്രാഥമിക റൗണ്ടില്‍ കാലിക്കറ്റ് ചെന്നൈയെ തോല്‍പ്പിച്ചിരുന്നു.