കൊവിഡ് രണ്ടാം തരംഗം ഇന്ത്യയെ അതിഭീകരമായി കീഴ്‌പ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ആശ്വാസ സഹായങ്ങളുമായി എത്തുകയാണ് ഹോളിവുഡ് പ്രമുഖരും. ഓസ്കർ ജേതാക്കളായ താരങ്ങൾ മുതൽ സംഗീതജ്ഞരും ടെലിവിഷൻ താരങ്ങളും ഇന്ത്യയിലേക്ക് കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സംഭാവന ചെയ്യുന്നു.
ആശുപത്രികളിലെ കിടക്കകളുടെ അപര്യാപ്തതയും ഓക്സിജൻ ക്ഷാമവും മരുന്നുകളുടെ ലഭ്യതക്കുറവുമെല്ലാം കൊവിഡ് വ്യാപനത്തിനൊപ്പം രാജ്യത്തെ ആരോഗ്യമേഖല നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വെല്ലുവിളികളാകുമ്പോൾ കൊവിഡ് സഹായങ്ങൾ നൽകിയും എല്ലാവരും സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് വരണമെന്നും അഭ്യർഥിക്കുകയാണ് എക്സ് മെൻ സീരീസ് ഫെയിം ജെയിംസ് മക്അവോയ്.
"ഇന്ത്യയ്ക്ക് സഹായം ആവശ്യമാണ്. നിങ്ങൾക്ക് സഹായിക്കാനാകും... നിങ്ങൾക്ക് ചെയ്യാനാവുന്നത് ചെയ്യൂ," എന്ന് കുറിച്ചുകൊണ്ട് സാമ്പത്തിക സഹായങ്ങൾ സംഭാവന ചെയ്യേണ്ട എൻജിഒയുടെ ലിങ്കും താരം ഇൻസ്റ്റഗ്രാം വീഡിയോയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എക്സ് മെൻ സീരീസിൽ പ്രൊഫസർ ചാൾസ് സേവ്യർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ നടനാണ് ജെയിംസ് മക്അവോയ്. ടെലിവിഷൻ പരിപാടികളിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന താരം എക്സ് മെൻ കൂടാതെ ഗ്ലാസ്, സ്പ്ലിറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.
Also Read: കൊവിഡ് ബാധിതര്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വരൂപിച്ച് രവീണ ടണ്ടന്‍
വിൽ സ്മിത്ത്, നിക്ക് ജൊനാസ്, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി പ്രമുഖ താരങ്ങളും സാമ്പത്തിക സംഭാവനകളുമായി ഇന്ത്യയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിൽ പങ്കുചേർന്നവരാണ്.