സച്ചിദാനന്ദന്‍റെ കോഴിപ്പങ്ക് സംഗീത വീഡിയോ രൂപത്തില്‍ ഉടന്‍ പുറത്തിറക്കുമെന്ന് മുഹ്സിന്‍ പരാരി
ദി റൈറ്റിങ് കമ്പനി എന്ന യുട്യൂബ് ചാനല്‍ വഴിയാകും സംഗീത വീഡിയോ പുറത്തിറങ്ങുക. കോഴിപ്പങ്കിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും മുഹ്സിന്‍ പരാരി ഫേസ്ബുക്കില്‍ പങ്കുവെച്ചു.
സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകള്‍ക്ക് മനോഹരമായ തിരക്കഥകളൊരുക്കിയ മുഹ്സിന്‍ പരാരി ഇപ്പോള്‍ കവി സച്ചിദാനന്ദന്‍റെ ഒരു കവിതക്ക് ദൃശ്യാവിഷ്കാരം ഒരുക്കുകയാണ്. കോഴിപ്പങ്ക് എന്ന കവിതയാണ് സംഗീത വീഡിയോയായി മുഹ്സിന്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങുന്നത്. ഏഴ് വര്‍ഷം മുമ്പാണ് കവിതക്ക് വീഡിയോ തയ്യാറാക്കാന്‍ താന്‍ താത്പര്യപ്പെടുന്നതായി മുഹ്സിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, അഭിലാഷ് കുമാര്‍ എന്നിവരാകും സംഗീത ആല്‍ബത്തിന്‍റെ പിന്നണിയിലുള്ള മറ്റുള്ളവര്‍. ദി റൈറ്റിങ് കമ്പനി എന്ന യൂ ട്യൂബ് ചാനല്‍ വഴിയാകും സംഗീത വീഡിയോ പുറത്തിറങ്ങുക. വൈകാതെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മുഹ്സിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. 'കോഴിപ്പങ്ക് എന്ന സച്ചിദാന്ദൻ കവിത അവലംബമാക്കിയുള്ള മ്യൂസിക് വീഡിയോ തയ്യാറായ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. വൈകാതെ തന്നെ ദി റൈറ്റിങ് കമ്പനിയുടെ യുട്യൂബ് ചാനലിലൂടെ കോഴിപ്പങ്ക് റിലീസ് ചെയ്യുന്നതായിരിക്കും. കുടുതൽ പാട്ടുകളും പാട്ടുപോലെയുള്ളവകളും മറ്റുപലതും ദി റൈറ്റിങ് കമ്പനിയുടെ ചാനലിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഈ കവിത എനിക്ക് പരിചയപ്പെടുത്തിയ സജിത് കോക്കിരിക്ക് പ്രത്യേക നന്ദി. ചോദിച്ച ഉടനെ കവിത ഉപയോഗിക്കാൻ അനുമതി നൽകിയ സച്ചി മാഷിന് നന്ദി. പ്രഖ്യാപിച്ച് ഏഴ് വർഷമായിട്ടും ഇടക്കിടെ ഓർമിപ്പിച്ച് ഇത് ചെയ്യുവാൻ സമ്മർദ്ദപ്പെടുത്തി എന്‍റെ ഇന്‍ബോക്സിലേക്ക് മെസേജ് അയച്ച എല്ലാവർക്കും നന്ദി. ഇതാണ് മ്മടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ലൈക് ചെയ്യൂ... ഷെയർ ചെയ്യൂ. പ്ലീസ്!' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.