രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു. പതിവുപോലെ ഇത്തവണത്തെ തെരഞ്ഞെടുപ്പും പുരുഷാധിപത്യപരമായിരുന്നു. സീറ്റ് ലഭിക്കുന്നതിൽ മുതൽ വിജയത്തിനുവരെ നിരന്തരം പോരാടുന്ന വനിതകളെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യം മുതൽ കാണാനായത്. വിജയികളുടെ പട്ടിക പരിശോധിച്ചാലും ആൺ പ്രതിനിധികൾക്ക് വലിയ ഭൂരിപക്ഷമാണുള്ളത്. സംസ്ഥാനത്ത് ജയിച്ചുകയറിയത് 11 വനിതകളാണ്. നിയമസഭകളിലേക്ക് വിജയിച്ച വനിതകള്‍ക്കും മത്സരിച്ച വനിതകള്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ വനിത സംഘടനായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറടക്കമുള്ള മുഴുവന്‍ വനിത എംഎല്‍എമാരെയും പ്രതികൂല സാഹചര്യത്തിലും വിജയം നേടിയ കെ.കെ രമ ഉള്‍പ്പടെയുള്ള പുതുമുഖങ്ങളെയും സംഘടന അഭിനന്ദിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ത്രീകള്‍ക്ക് അത് ജീവന്മരണ പോരാട്ടമായിരുന്നുവെന്നാണ് ഡബ്ല്യുസിസി കുറിച്ചത്.
Also read: 'കൊറോണയെ ചവിട്ടി പുറത്താക്കി...' കൊവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് പൂജ ഹെഗ്ഡെ
'രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്‌ത വനിതകളെ ഡബ്ല്യുസിസി ഹൃദ്യമായി അഭിനന്ദിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഓരോ പൗരനും ഭരണഘടന നൽകുന്ന തുല്യതയിലേക്കുള്ള പോരാട്ടത്തിൽ പുതിയ മാനങ്ങൾ തീർക്കാൻ നേതൃത്വനിരയിലെ നിങ്ങളുടെ സാന്നിധ്യം സഹായകരമാകുമെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.ആരോഗ്യപരിപാലനത്തിൽ പുതിയ അന്താരാഷ്ട്ര നിലവാരം സൃഷ്ടിച്ച പ്രതിബദ്ധതയുടെയും കഠിനാദ്ധ്വാനത്തിന്‍റെയും പ്രതിബിംബമായ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറടക്കമുള്ള, 15 മത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ വനിതാ എംഎൽഎമാരെയും പ്രതികൂല സാഹചര്യത്തിലും വിജയം കൈവരിച്ച കെ.കെ രമ ഉൾപ്പെടെയുള്ള പുതുമുഖങ്ങളേയും ഡബ്ല്യുസിസി ഹൃദയത്തിന്‍റെ ഭാഷയിൽ അഭിനന്ദിക്കുന്നു. തുടർഭരണം കൈവരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ. ഭരണപക്ഷത്തിൽ ജനങ്ങൾ ഒരിക്കൽകൂടി അർപ്പിച്ച വിശ്വാസം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് പ്രവൃത്തി മേഖലയില്‍ വ്യാപിപ്പിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുവാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. സ്ത്രീകളുടെ വിശിഷ്യാ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലും പരിപാടികളിലും സഹകരിച്ച് പ്രവർത്തിക്കാൻ ഡബ്യുസിസി ആകാംക്ഷയോടെ കാത്തിരിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളോട് സമാനുഭാവത്തോടും തുറന്ന മനസോടുമുള്ള സമീപനം തുടരുമെന്നും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നിന്നുമാരംഭിച്ച തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള യാത്ര പൂർണ്ണതയിൽ എത്തിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഞങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ആദ്യപടിയായി പുതിയ ഗവണ്മെന്‍റ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് അതിന്മേൽ നടപടികൾ കൈക്കൊള്ളുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു...' ഇതായിരുന്നു ഡബ്ല്യുസിസി വിജയികളെ അഭിനന്ദിച്ച് കുറിച്ചത്.