പരാതിപ്പെടാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ വീഡിയോ വൈറലായതോടെ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു സോഷ്യല്‍മീഡിയയിലും ഉണ്ടായത്. പ്രതിഷേധം ട്രോളായും സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞു.
ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹയല്ലെന്നും അവരെ നീക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്‌തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും നേതൃതലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല.
പ്രതിഷേധങ്ങള്‍ക്കൊടുവിലെ രാജി
സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്‍റെ രാജി. ഒരു വാർത്ത ചാനലിൽ തത്സമയ പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. സ്ത്രീകള്‍ക്ക് താങ്ങാകേണ്ട കമ്മിഷന്‍ അധ്യക്ഷ തന്നെ ഇത്തരത്തില്‍ രൂക്ഷമായി പെരുമാറുമ്പോള്‍ പരാതിപ്പെടാന്‍ പോലും പലരും ഭയക്കുമെന്നാണ് ജോസഫൈനിനെതിരായ ട്രോളുകളില്‍ പലതും പറയാതെ പറയുന്നത്.
'ഭര്‍ത്താവിന്‍റെ ഗാര്‍ഹിക പീഡനത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍.... എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ' എന്നാണ് ജോസഫൈന്‍ ചാനല്‍ പരിപാടിക്കിടെ പരാതി പറഞ്ഞ സ്ത്രീയോട് ജോസഫൈന്‍ പറഞ്ഞത്. വനിതാ കമ്മിഷനെതിരെ വനിതാ കമ്മിഷനില്‍ തന്നെ പരാതി പറഞ്ഞ പ്രമുഖര്‍ക്കെതിരെയും ട്രോളുകളുണ്ട്.
അമ്മായിയമ്മയായിരുന്നു ഇതിലും ഭേദം
ജോസഫൈന്‍റെ വീഡിയോ വൈറലായതോടെ സിനിമാ താരങ്ങളടക്കം ജോസഫൈന്‍റെ പ്രവൃത്തിയില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെയും ജോസഫൈന്‍റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്‍റെ നടപടിയും വിവാദമായിരുന്നു.
Also read:'പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട', പരാതിക്കാരിയോട് കയര്‍ത്ത് വനിത കമ്മിഷന്‍ അധ്യക്ഷ
നടി സാധിക വേണുഗോപാല്‍, സംവിധായകന്‍ അനുരാജ് മനോഹര്‍, ആഷിക് അബു തുടങ്ങിയവരും വിഷയത്തില്‍ ജോസഫൈനെതിരെ പ്രതിഷേധിച്ച് കുറിപ്പുകള്‍ പങ്കുവെച്ചു. കിടപ്പുരോഗി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജോസഫൈനെതിരായി വന്ന ട്രോളുകളും ഈ പ്രശ്നത്തോടെ വീണ്ടും ആളുകള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്.