മീശ പിരിച്ച് മുണ്ടും മടക്കികുത്തി അമാനുഷികനായി നിൽക്കുന്ന പുരുഷന്‍റെ നിഴലിൽ ഒതുങ്ങിക്കൂടുന്ന നായികമാരെയാണ് സിനിമയ്‌ക്ക് കൂടുതൽ പരിചയം. കാലം അതിന്‍റെ പരിഷ്‌കൃതമായ ചിന്താഗതികളിൽ നിന്നും കുടഞ്ഞെണീറ്റ് പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നത്തെ മലയാള സിനിമയിലെ മാറ്റങ്ങൾ. എങ്കിലും പഴയകാല മലയാള സിനിമകൾ മറ്റ് ഭാഷകളിൽ നിന്ന് വ്യത്യസ്‌തമായ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നു. ഇതിനൊപ്പം ഇടയ്‌ക്കിടക്ക് പുരുഷനൊപ്പം സ്‌ത്രീയും ഒരേ തട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ പിറന്നു. 1951ല്‍ പുറത്തിറങ്ങിയ ജീവിത നൗകയുടെ പ്രമേയം അത്തരത്തിലുള്ളതായിരുന്നു. 1954ലെ നീലക്കുയിലിലും സ്‌ത്രീ പ്രാതിനിധ്യം കൊണ്ടുവരാൻ സാധിച്ചു. ഇതിന്‍റെ അടുത്ത ദശകത്തിലെത്തിയ ചിത്രങ്ങളിൽ സ്‌ത്രീക്ക് വ്യക്തമായ കഥാപാത്രങ്ങൾ നൽകിയിരുന്നെങ്കിലും പുരുഷാധിപത്യത്തിന്‍റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ക്ലാരയെയും ഉണ്ണിമായ അന്തർജനത്തെയും പോലുള്ള സ്വതന്ത്ര്യ ബോധമുള്ള സ്‌ത്രീകൾക്കായി മലയാളത്തിന് നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. സമൂഹത്തിൽ സ്‌ത്രീ ശാക്തീകരണത്തിനുള്ള ചലനങ്ങൾ തുടങ്ങിയത് മുതൽ അത് സിനിമയിലും പ്രതിഫലിച്ചുതുടങ്ങി. ഇരുപത്തിയൊന്നാം നൂറ്റാണ്ടും ഇരുപത് വർഷവും പിന്നിടുമ്പോൾ നായകനില്ലാതെ തന്നെ സ്‌ത്രീക്ക് സിനിമ വിജയിപ്പിക്കാൻ സാധിക്കുമെന്ന യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുകയാണ് മലയാള സിനിമ.
പഞ്ചാഗ്നി (1986)
എം.ടി.വാസുദേവൻ നായർ തിരക്കഥയും ഹരിഹരൻ സംവിധാനവും നിർവഹിച്ച പഞ്ചാഗ്നിയിലെ ഇന്ദിരയെ ശക്തമായ സ്‌ത്രീ എന്ന ടാഗോടെ മലയാളിക്ക് ഓർമയിൽ സൂക്ഷിക്കാം. ജയിൽവാസത്തിന്‍റെ ഇടവേളയിൽ സമൂഹത്തിലെത്തപ്പെടുന്ന ഇന്ദിരയെ ഗീതയാണ് അവതരിപ്പിച്ചത്. സ്ത്രീയുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ അവൾ വേട്ടയാടപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്തുന്നത് ചിത്രത്തിൽ വരച്ചിടുന്നു.
തൂവാനത്തുമ്പികൾ (1987)
മലയാളിക്ക് മറക്കാനാവാത്ത മഴയും പ്രണയവും സമ്മാനിച്ച പത്‌മരാജൻ ചിത്രമാണ് തൂവാനത്തുമ്പികൾ. സ്‌നേഹത്തിന്‍റെ ചട്ടക്കൂട്ടിൽ തന്നെ അടച്ചിടാൻ സമ്മതിക്കുന്നില്ല മഴക്കൊപ്പമെത്തുന്ന ക്ലാര. സ്വന്തമായ വ്യക്തിത്വത്തമുള്ള ക്ലാര, മറ്റൊരാൾക്ക് അവകാശപ്പെട്ട പുരുഷനെ വിട്ടുകൊടുക്കുക മാത്രമല്ല, തന്‍റേതായ സ്വതന്ത്ര്യത്തിലേക്ക് പറന്നുയരുന്നുമുണ്ട്. പത്മരാജൻ സൃഷ്ടിച്ച മലയാളത്തിലെ എക്കാലത്തെയും ശക്തമായ സുമലതയുടെ കഥാപാത്രം. 2017ൽ റിലീസിനെത്തിയ മായാനദിയിലെ "സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്" എന്ന് പറയുന്ന നായികയും മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് മലയാളിക്ക് സുപരിചിതയായ ക്ലാരയുടെ അംശമാണെന്ന് പറയാം.
ഒരു വടക്കന്‍ വീരഗാഥ (1989)
ഒരു വടക്കന്‍ വീരഗാഥയിലെ ധീരയായ പെൺകുട്ടി ഉണ്ണിയാർച്ചയെ വെള്ളിത്തിരയിൽ അതേ തീഷ്‌ണതയിൽ അവതരിപ്പിച്ചത് മാധവിയായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥയിൽ എം.ടിയും ഹരിഹരനും ചേർന്ന് കരുത്തും ചങ്കുറപ്പും കൂട്ടിക്കലർത്തി അങ്ങേയറ്റം മൂർത്തിഭാവമുള്ള സ്‌ത്രീത്വത്തെ അവതരിപ്പിച്ചു.
പരിണയം (1994)
കേരളത്തിലെ ബ്രാഹ്മണ സമൂഹത്തില്‍ നിലനിന്നിരുന്ന സ്മാര്‍ത്തവിചാരം എന്ന അനാചാരത്തിനെതിരെ പ്രതികരിച്ച സിനിമ. അതും സമൂഹം ഒറ്റപ്പെടുത്തിയ ഒരു പെൺകുട്ടിയുടെ ശബ്‌ദത്തിലൂടെ. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം കുറിയേടത്ത് താത്രിയുടെ ജീവിതമാണ് അടിസ്ഥാനമാക്കിയത്. മോഹിനി അവതരിപ്പിച്ച ഉണ്ണിമായ അന്തർജനം അന്നത്തെ സാമൂഹിക അനീതികൾക്കെതിരെ പോരാടുകയും ചെയ്‌തിരുന്നു.
കന്മദം (1998)
ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കന്മദം. മോഹൻലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഭാനു തന്‍റേടിയായ ഒരു പെൺകുട്ടിയായിരുന്നു. ഒരു കുടുംബത്തെ ഒറ്റയ്ക്കു പോറ്റിയിരുന്ന കരുത്തുള്ള സ്‌ത്രീ. സിനിമ വളരെ വിരളമായി ചിത്രീകരിക്കാറുള്ള കഥാപാത്രത്തെയാണ് കന്മദത്തിലൂടെ ലോഹിതദാസ് സൃഷ്‌ടിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ മറ്റൊരു രചനയിൽ പിറന്ന സീമ അവതരിപ്പിച്ച രാജമ്മയെ പോലെ കഥയുടെ അവസാനം അവൾ സാധാരണ പെൺകുട്ടിയിലേക്ക് ഇറങ്ങിവരുന്നതായി കാണാം. എങ്കിലും കേരളത്തിന് മറക്കാനാവാത്ത സ്‌ത്രീവേഷം തന്നെയാണ് ഭാനു.