WCC thanks to high court ruling: ആഭ്യന്തര പരാതി പരിഹാര സെല്ലിനെ സ്വാഗതം ചെയ്‌ത് ഡബ്ല്യുസിസി. കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവ്. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിധിയെ സ്വാഗതം ഡബ്ല്യുസിസി രംഗത്തെത്തിയത്. സുരക്ഷിതവും തുല്യവുമായ ജോലി സ്‌ഥലത്തിനായുള്ള സ്‌ത്രീകളുടെ അവകാശങ്ങളും അതിലൂടെ അവളുടെ അന്തസ്സും ഉയര്‍ത്തിപ്പിടിച്ചതിന് ബഹുമാനപ്പെട്ട കോടതിയോട് ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്നാണ് ഡബ്ല്യുസിസി ഫേസ്‌ബുക്കില്‍ കുറിച്ചത്.
'ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിനെ WCC സ്വാഗതം ചെയ്യുന്നു, സുരക്ഷിതവും തുല്യവുമായ ജോലിസ്ഥലത്തിനായുള്ള സ്ത്രീകളുടെ അവകാശങ്ങളും അതിലൂടെ അവളുടെ അന്തസ്സും ഉയർത്തിപ്പിടിച്ചതിന്, ബഹുമാനപ്പെട്ട കോടതിയോട് ആത്മാർത്ഥമായി ഞങ്ങൾ നന്ദി പറയുന്നു.
പ്രസ്‌തുത ഹൈക്കോടതി വിധിയിലൂടെ ലഭിച്ച ചില പ്രധാന നേട്ടങ്ങൾ ഇവയാണ്:
1. നിർമ്മാതാവിനെയും പ്രൊഡക്ഷൻ യൂണിറ്റിനെയും വ്യക്തമായി തന്നെ ഒരു സ്ഥാപനമായി അംഗീകരിക്കുകയും ആയതിനാൽ 2013 ലെ PoSH ആക്‌ടില്‍ നിർവചിച്ചിരിക്കുന്ന പ്രകാരം തൊഴിലിടങ്ങളിൽ സ്‌ത്രീകളുടെ അന്തസ്സ് ഉറപ്പാക്കുന്നതിന് അവരെ പ്രാഥമിക ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്യുന്നു. ആഭ്യന്തര സെല്ലിന്‍റെ രൂപത്തിൽ ഒരു പരാതി പരിഹാര സെൽ സ്ഥാപിക്കുന്നത് ഈ വിധി നിർബന്ധമാക്കുന്നു എന്നതാണ് സുപ്രധാനമായ കാര്യം. സിനിമയിലെ 'തൊഴിൽ ഇടം' എന്താണെന്ന ചോദ്യം ഇതാദ്യമായാണ് ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ദൂരവ്യാപകമായ ചർച്ചകൾ ഇതുണ്ടാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
2. സംഘടനകൾ, അതായത്, ഫെഫ്‌ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, A.M.M.A, മാക്‌ട, കേരള സ്‌റ്റേറ്റ് ഗവൺമെന്‍റ്, ഫിലിം ചേംബർ എന്നിവയെല്ലാം പോഷ് ആക്‌ട് 2013ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. ഇത് നടപ്പിലാക്കപ്പെടുന്നു എന്ന് സിനിമാ വ്യവസായത്തിലെ നാമെല്ലാവരും ഉറപ്പാക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സ്‌ത്രീകളുടെ മാന്യത ഉറപ്പുവരുത്തുകയും അത് ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുക എന്നത് ഒരു ഔപചാരികത എന്നതിലുപരി പൂർണ്ണമായും ശരിയായ മനോഭാവത്തോടെ നടപ്പിലാക്കേണ്ട ഒരു ഉത്തരവാദിത്വമാണ്.