എറണാകുളം:അൽഫോൻസ് പുത്രനെതിരെ വിമർശനവുമായി സംവിധായകൻ വി.കെ പ്രകാശ്. 2013ൽ ഒരു ചാനൽ അഭിമുഖത്തിൽ വി. കെ പ്രകാശ്- അനൂപ് മേനോൻ കൂട്ടുകെട്ടിലൊരുങ്ങിയ ട്രിവാൻഡ്രം ലോഡ്‌ജ് ചിത്രത്തെ കുറിച്ച് അൽഫോൻസ് പുത്രൻ നൽകിയ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു വി. കെ പ്രകാശിന്‍റെ പ്രതികരണം. അൽഫോൻസ് പുത്രനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും, സ്വന്തം സിനിമാ മേഖലയോടുള്ള അനാദരവാണ് അദ്ദേഹം കാട്ടിയതെന്നും വി.കെ.പി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇത് സിനിമാമേഖലയോടുള്ള അനാദരവ്; അൽഫോൻസ് പുത്രനെതിരെ വി.കെ പ്രകാശ് - anoop menon films
ട്രിവാൻഡ്രം ലോഡ്‌ജ് ചിത്രത്തെ കുറിച്ച് അൽഫോൻസ് പുത്രൻ 2013ൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തെ ചൂണ്ടിക്കാട്ടിയാണ് വി.കെ പ്രകാശ് വിമർശനം രേഖപ്പെടുത്തിയത്.
നല്ല സിനിമകൾക്ക് വേണ്ടിയാണ് മലയാള സിനിമകൾ മാറിയിരിക്കുന്നത്. എന്നാൽ, ഏതാനും ചില ചിത്രങ്ങളിൽ മാത്രമാണ് മോശം ഘടകങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതെന്ന് അനൂപ് മേനോൻ തിരക്കഥയെഴുതിയ സിനിമകളുടെ പേരെടുത്ത് പറഞ്ഞു കൊണ്ട് അന്ന് ടെലിവിഷൻ അഭിമുഖത്തിൽ അൽഫോൻസ് പുത്രൻ പരാമർശിച്ചു. "ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ യു സർട്ടിഫിക്കറ്റ് നൽകി വിട്ടതാണ് പ്രശ്നം. അതിലായിരുന്നു കുറച്ച് എ ഡയലോഗുകൾ ഉണ്ടായിരുന്നത്. മറ്റൊന്ന് ഹോട്ടൽ കാലിഫോർണിയ... അനൂപ് മേനോൻ സിനിമകൾക്കാണ് പൊതുവെ ഈ ലേബൽ ഉള്ളത്. സമീർ താഹിറിന്‍റെയോ ആഷിക് അബുവുന്‍റെയൊ വിനീത് ശ്രീനിവാസന്‍റെയോ സിനിമകളിൽ ആ വൃത്തികേടില്ല" എന്നും യുവസംവിധായകൻ അൽഫോൻസ് പുത്രൻ അഭിമുഖത്തിൽ വ്യക്തമാക്കി.
ന്യൂജനറേഷൻ ചിത്രങ്ങളെ കുറിച്ചുള്ള അൽഫോൻസിന്‍റെ ഈ കാഴ്‌ചപ്പാടിനെയാണ് വി.കെ പ്രകാശ് നിശിതമായി വിമർശിച്ചത്. "ഈ മഹാന്‍റെ അഭിമുഖം കണ്ടു. എപ്പോഴാണ് ഈ അഭിമുഖം വന്നതെന്ന് അറിയില്ല. ഇത്തരം മണ്ടൻ സംഭാഷണങ്ങളിൽ ഞാൻ പൊതുവേ പ്രതികരിക്കാറില്ല. പക്ഷെ ഇതിന് പ്രതികരിക്കാൻ തോന്നി. ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടാത്ത മറ്റ് സംവിധായർക്ക് വേണ്ടിയാണ്" എന്ന് കുറിച്ചുകൊണ്ടാണ് വി.കെ പ്രകാശ് തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. "ട്രിവാൻഡ്രം ലോഡ്ജ് യു സർട്ടിഫിക്കറ്റുള്ള സിനിമയല്ല, യുഎ സർട്ടിഫിക്കറ്റാണ്. കൂടാതെ, മറ്റ് സംവിധായരുടെ സിനിമകളെ കുറിച്ചുള്ള അൽഫോൻസ് പുത്രന്‍റെ അഭിപ്രായങ്ങളോട് ഞാൻ വിയോജിക്കുന്നു. ചില സിനിമകൾ സംവിധായകന്‍റെ പേരിലും മറ്റു ചില സിനിമകൾ തിരക്കഥാകൃത്തിന്‍റെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്നും സംവിധായകൻ തന്‍റെ കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. ഇത് താനുൾപ്പെടുന്ന സിനിമാ മേഖലയോടുള്ള അനാദരവാണെന്നും നിങ്ങളെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും വി.കെ പ്രകാശ് കൂട്ടിച്ചേർത്തു.