നാളുകള്‍ക്ക് മുമ്പ് ഒരു കുഞ്ഞുബാലന്‍റെ സങ്കടകരമായ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരുന്നു. പൊക്കമില്ലാത്തതിന്‍റെ പേരില്‍ സഹപാഠികളുടെ കളിയാക്കലുകള്‍ സഹിക്കാന്‍ കഴിയാതെ 'തന്നെ ഒന്ന് കൊന്നുതരൂവെന്ന്' സ്വന്തം അമ്മയോട് ആവശ്യപ്പെടുന്ന ഓസ്ട്രേലിയക്കാരന്‍ ബാലന്‍ ക്വാഡന്‍ ബെയില്‍സിന്‍റെ വീഡിയോയായിരുന്നു അത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ നടന്‍ ഗിന്നസ് പക്രുവും ആത്മവിശ്വാസം നിറഞ്ഞ വാക്കുകളുമായി ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്നെ പിന്തുണച്ചതിന് ഗിന്നസ് പക്രുവിന് നന്ദി അറിയിച്ചിരിക്കുകയാണ് ക്വാഡന്‍ ബെയില്‍സ്.
ഗിന്നസ് പക്രുവിന് നന്ദി അറിയിച്ച് ക്വാഡനും അമ്മയും - Guinness Pakru
ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ബെയില്‍സ് ഗിന്നസ് പക്രു നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ചത്
ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പക്രുവിനെ പേലെ തനിക്കും ഒരു നടനാകണമെന്ന ആഗ്രഹമുണ്ടെന്ന് ക്വാഡന് പറഞ്ഞു. പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നും നേരില്‍ കാണണമെന്ന താല്‍പ്പര്യവും ക്വാഡന്‍ പറഞ്ഞു. ഗിന്നസ് പക്രുവിന്‍റെ ജീവിത കഥ അവനെ വളരെയധികം സന്തോഷിപ്പിച്ചുവെന്ന് അമ്മ യാരാക്കയും വീഡിയോയില്‍ പറഞ്ഞു. അടുത്ത ഇന്ത്യാ സന്ദര്‍ശനത്തില്‍ ഗിന്നസ് പക്രുവിനെ നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്വാഡന്‍.
താനും ഒരിക്കല്‍ ഉയരക്കുറവിന്‍റെ പേരില്‍ കളിയാക്കലിന് ഇരയായിരുന്നുവെന്നായിരുന്നു അന്ന് ഗിന്നസ് പക്രു ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചിരുന്നത്. ഈ വിശേഷം ഗിന്നസ് പക്രുതന്നെയാണ് തന്‍റെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.