എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന തന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി കലാഭവൻ സോബി ജോർജ്. ബാലഭാസ്‌കറിന്‍റെ അസ്വാഭാവിക മരണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്നും ഇക്കാര്യത്തിൽ തന്‍റെ മൊഴി രേഖപ്പെടുത്താനായി എൻഐഎക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും സോബി ജോർജ് ഇടിവി ഭാരതിനോട് പറഞ്ഞു.
ബാലഭാസ്‌കറിന്‍റെ മരണം; തന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് സോബി ജോർജ്
ബാലഭാസ്‌കറിന്‍റെ മരണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് പങ്കുണ്ടെന്ന തന്‍റെ മൊഴി രേഖപ്പെടുത്താൻ എൻഐഎക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും വളരെ സുപ്രധാനമായ കാര്യങ്ങൾ ഈ വിഷയത്തിൽ വെളിപ്പെടുത്താനുണ്ടെന്നും കലാഭവൻ സോബി ജോർജ് ഇടിവി ഭാരതിനോട് പറഞ്ഞു
അപകടം നടന്നയുടനെ താൻ സംഭവ സ്ഥലത്ത് എത്തിയപ്പോൾ, സ്വർണക്കടത്ത് കേസിലെ പ്രതിയെ അവിടെ കണ്ടുവെന്നത് നൂറ് ശതമാനം ഉറപ്പാണ്. ബാലുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ കാര്യങ്ങൾ തനിക്ക് വെളിപ്പെടുത്താനുണ്ട്. ഏതെങ്കിലും അന്വേഷണ ഏജൻസിക്ക് മുമ്പിൽ എല്ലാം വിശദീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വലിയ സമ്മർദവും നിരന്തര ഭീഷണിയും നേരിടുന്നതായും സോബി വിശദീകരിച്ചു.
സിബിഐക്ക് മൊഴി നൽകുന്നതിനെതിരെ ഉണ്ടായ വധഭീഷണിയുടെ ഫോൺ റെക്കോർഡ് ഹാജരാക്കി പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അപകട സ്ഥലത്ത് താൻ കണ്ട കാര്യങ്ങൾ മാറ്റി പറയാൻ തയ്യാറല്ല. ബാലഭാസ്‌കറിന്‍റെ മരണം ആസൂത്രിത കൊലപാതകമാണ്. സ്വർണക്കടത്ത് സംഘത്തിന് സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്നു. ബാലുവിന്‍റെ സുഹൃത്തുക്കളായ താരങ്ങൾ ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ല. അപകട സമയത്ത് കാറോടിച്ചത് ബാലുവാണെന്ന് പറഞ്ഞ് ഡ്രൈവർ അർജുൻ രംഗത്ത് വന്നത് ദുരൂഹമാണെന്നും സോബി ജോർജ് കൂട്ടിച്ചേർത്തു.