വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും മുഖ്യതാരങ്ങളാകുന്ന 'ഹൃദയം' ചിത്രം പ്രഖ്യാപനം മുതൽ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ശ്രീനിവാസൻ- മോഹൻലാൽ എന്ന ഹിറ്റ് കോമ്പോ പോലെ മക്കളും മലയാളസിനിമയിൽ തരംഗം സൃഷ്‌ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കൊവിഡ് പ്രതിസന്ധിക്കിടയിൽ സിനിമയുടെ നിർമാണം പല തവണ മുടങ്ങിയെങ്കിലും ഒടുവിൽ ഹൃദയം പൂർത്തിയാക്കിയ സന്തോഷം പങ്കുവക്കുകയാണ് ചിത്രത്തിലെ താരങ്ങളും സംവിധായകനും.
'എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി കാലം കടന്നു പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഉറപ്പായും ഹൃദയം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി പരമാവധി ശ്രമിക്കും. എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം', എന്ന് പാക്കപ്പ് ചിത്രം പങ്കുവച്ചുകൊണ്ട് വിനീത് കുറിച്ചു. വിനീതിനൊപ്പം പ്രണവ് മോഹന്‍ലാലിനെയും നിർമാതാവ് വൈശാഖ് സുബ്രമണ്യത്തെയും ചിത്രത്തിൽ കാണാം.
More Read: 'ചിത്ര'ത്തിലെ ക്ലോസ് ഇനഫുമായി പ്രണവിന്‍റെ 'ഹൃദയം' സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് സംവിധാന കുപ്പായമണിയുന്നത്. വിശ്വജിത്താണ് ഹൃദയത്തിന്‍റെ കാമറാമാൻ. എഡിറ്റിങ് നിർവഹിക്കുന്നത് രഞ്ജന്‍ എബ്രഹാമാണ്. മലയാളസിനിമയിലെ പ്രമുഖ നിർമാണ ബാനറായ മെറിലാന്‍ഡിന്‍റെ തിരിച്ചുവരവും ഹൃദയത്തിലൂടെയാണ്.