വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഹൃദയം പാട്ടുകളാൽ സമ്പന്നമാണെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നു. ഇന്ന് ലോക സംഗീത ദിനത്തിൽ ചിത്രത്തിലെ ഗാനങ്ങളുടെ വിവരങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചും വെളിപ്പെടുത്തുകയാണ് സംവിധായകൻ.
വിനീത് പുറത്തുവിട്ട ലിസ്റ്റിൽ ആകെ 15 പാട്ടുകളാണ് ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബിനൊപ്പം പ്രവർത്തിച്ചതിലും ഓരോ പാട്ട് ഒരുക്കുന്നതിലും അദ്ദേഹത്തിന്‍റെ മാന്ത്രികതക്ക് സാക്ഷ്യം വഹിച്ചതും അതിശയകരമായ ഒരു അനുഭവമായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ പറഞ്ഞു.
പ്രഗൽഭരാൽ നിറഞ്ഞ ഹൃദയത്തിലെ ഗാനങ്ങൾ
ചിത്രത്തിലെ നായികമാരിൽ ഒരാളായ ദർശന രാജേന്ദ്രൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ഹൃദയത്തിലെ പാട്ടുകാരാകുന്നുണ്ട്. വിനീത് ശ്രീനിവാസന്‍റെ ഭാര്യ ദിവ്യ വിനീത് പിന്നണി ഗായികയായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സംഗീത സംവിധായകൻ ഹിഷാം അബ്‍ദുള്‍ വഹാബും കൂടാതെ, കെ. എസ് ചിത്ര, ജോബ് കുര്യൻ, വിനീത് ശ്രീനിവാസൻ, സച്ചിൻ ബാലു, മേഘ ജോസ് കുട്ടി, അരവിന്ദ് വേണുഗോപാൽ, ശ്രീനിവാസ്, ഉണ്ണി മേനോൻ, സച്ചിൻ വാര്യർ, ശ്വേത അശോക്, മൊഹമ്മദ് മഖ്ബൂൽ മൻസൂർ എന്നിവരും ചിത്രത്തിലെ ഗാനങ്ങളുടെ ശബ്‌ദമാകുന്നുണ്ട്.
Also Read: 'ഹൃദയം' പാട്ടുകളാല്‍ സമ്പന്നമായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍
കൊച്ചിൻ സ്ട്രിങ്സിന്‍റെ സംഗീതവിരുന്നും ഹൃദയത്തിൽ പ്രതീക്ഷിക്കാം. അരുൺ ആലാട്ട്, കൈതപ്രം, വിനീത് ശ്രീനിവാസൻ, ഗുണ ബാലസുബ്രഹ്മണ്യൻ തുടങ്ങിയ പ്രഗൽഭരുടെ വരികളാലാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.