Hridayam release: 'ഹൃദയം' റിലീസിന്‍റെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന 'ഹൃദയ'ത്തിന്‍റെ റിലീസ് മാറ്റിവച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചാരണം നടന്നിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്‌ച കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ പ്രചാരണം ശക്തമായത്.
വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നാലെ വാര്‍ത്ത നിഷേധിച്ച് സംവിധായന്‍ വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയായിരുന്നു വിനീതിന്‍റെ പ്രതികരണം. 'ഹൃദയം' ജനുവരി 21ന് തന്നെ തിയേറ്ററുകളിലെത്തുമെന്ന് ഉറപ്പ് നല്‍കി കൊണ്ടാണ് വിനീത് ഫേസ്‌ബുക്കിലെത്തിയത്.
Vineeth Sreenivasan on Hridayam release: 'സണ്‍ഡേ ലോക്ക്‌ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം ഹൃദയം മാറ്റിവച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്‍റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തിയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. തിയേറ്ററില്‍ കാണാം' -വിനീത് കുറിച്ചു.